-->
ഇക്കഴിഞ്ഞ ദിവസമാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പുരസ്‌കാര വിതരണം. മികച്ച നടനായി മമ്മൂട്ടി, മികച്ച നടിയായി ഷംല ഹാസ, മികച്ച സ്വഭാവനടിയായി ലിജോമോള്‍, മികച്ച സ്വഭാവനടന്മാരായി സൗബിന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ്, പ്രത്യേക ജൂറി പരാമര്‍ശത്തിന് ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍, ടൊവിനോ, ആസിഫ് അലി എന്നിവരും അര്‍ഹരായിരുന്നു.
ഇപ്പോഴിതാ പുരസ്കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. സ്ത്രീകളെ രണ്ടാം നിരയില്‍ ഇരുത്തിയതിനെയാണ് അഹാന വിമര്‍ശിക്കുന്നത്. പുരസ്‌കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയില്‍ ഇരുത്താതെ രണ്ടാം നിരയില്‍ ഇരിപ്പിടമൊരുക്കിയത് ശരിയായില്ലെന്നാണ് അഹാനയുടെ വിമര്‍ശനം. പുരസ്‌കാരത്തിന് അർഹരായ സ്ത്രീകള്‍ എല്ലാവരും ഒന്നാം നിരയില്‍ നിന്ന് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികതയാണോ എന്നും മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ജേതാക്കള്‍ മുൻനിരയില്‍ ഇരിക്കാൻ യോഗ്യരാണെന്നും അവരെ പിന്നിലേക്ക് മാറ്റിയ നടപടി ശരിയല്ലെന്നും അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
‘‘എല്ലാം വളരെ മനോഹരമായിരുന്നു. പുരസ്‌കാര ജേതാക്കളുടെ നേട്ടത്തില്‍ ഞാന്‍ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും ഈ വിഡിയോ കണ്ടപ്പോള്‍ അവിടെ വിജയികളെ ഇരുത്തിയ രീതി ചെറിയ അസ്വസ്ഥതയുണ്ടാക്കി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറും ആകസ്മികതയാണോ? അവരില്‍ പലരും തീര്‍ച്ചയായും മുന്‍നിരയില്‍ തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണം എന്ന് കരുതിയതല്ല. എങ്കിലും എന്നെ അലോസരപ്പെടുത്തിയ ചിന്ത ഇവിടെ പങ്കുവെക്കാതിരിക്കാനായില്ല...’’ എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം.
അഹാനയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരം പങ്കുവച്ച വിഡിയോയില്‍ മികച്ച സ്വഭാവ നടി, മികച്ച ഗായിക, തുടങ്ങിയ പുരസ്‌കാരങ്ങളടക്കം നേടിയ സ്ത്രീകള്‍ രണ്ടാം നിരയിലാണ്. മികച്ച സ്വഭാവ നടന്‍, മികച്ച ഗായകന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയവരും രണ്ടാം നിരയിലാണുള്ളത്.
അഹാന പങ്കുവച്ച വിഡിയോ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. പലരും അഹാനയുടെ വാദത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ ഇത് തെറ്റാണെന്നും ചൂണ്ടിക്കാണിക്കുന്നു. താരം പങ്കുവച്ച വിഡിയോ ഒരു ഓണ്‍ലൈന്‍ മീഡിയ പങ്കുവച്ച അപൂര്‍ണമായൊരു വിഡിയോയാണെന്നാണ് ചിലര്‍ കുറിക്കുന്നത്. ഇതില്‍ മുന്‍നിരയില്‍ ആരൊക്കെയാണുള്ളതെന്ന് വ്യക്തമായി കാണുന്നില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ പരിശോധിക്കുമ്പോള്‍ അഹാനയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് മനസിലാകും. ഈ വിഡിയോയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസ മുന്‍നിരയില്‍ തന്നെ ഇരിക്കുന്നത് കാണാം.
മികച്ച സംവിധായകന്‍, മികച്ച സിനിമയുടെ നിര്‍മാതാക്കള്‍, മികച്ച നടന്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടന്മാര്‍, മികച്ച നടന്‍ എന്നിവര്‍ക്കൊപ്പം തന്നെയാണ് ഷംല ഹംസയ്ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. അതിനാല്‍ അഹാനയുടെ വാദം ശരിയല്ല. അപൂര്‍ണമായ വിഡിയോ കണ്ട് താരം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.