Saturday, March 14, 2026 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

ബംഗ്ലാദേശ്‌ തെരഞ്ഞെടുപ്പ്‌: ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്‌ഥാപിച്ച്‌ യു.എസ്‌.

ധാക്ക: ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പ്‌ അടുത്തതോടെ തീവ്രനിലപാടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്‌ഥാപിച്ചു യു.എസ്‌. മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്‌ക്കും അവരുടെ പാര്‍ട്ടിയായ അവാമി ലീഗിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയില്ല. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബി.എന്‍.പി. മുന്‍തൂക്കം നേടുമെന്നായിരുന്നു സൂചന. എന്നാല്‍, ജമാഅത്തെ ഇസ്ലാമി തരംഗം സൃഷ്‌ടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണു യു.എസ്‌. നീക്കം.
ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന്‌ യു.എസ്‌. നയതന്ത്രജ്‌ഞര്‍ സൂചന നല്‍കിയിട്ടുണ്ട്‌. ഈ സംഘടനയെ ഷെയ്‌ഖ് ഹസീനയുടെ ഭരണകാലത്ത്‌ നിരോധിച്ചിരുന്നു.
ഫെബ്രുവരി 12ലെ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി 'ഇതുവരെ നേടിയതില്‍ വച്ച്‌ ഏറ്റവും വലിയ വിജയം നേടുമെന്നാണു യു.എസ്‌. പ്രതിനിധികളുടെ കണക്കുകൂട്ടല്‍.'ഞങ്ങള്‍ക്ക്‌ അവരെ ഞങ്ങളുടെ സുഹൃത്തുക്കളാക്കണം' എന്ന്‌ ഒരു യു.എസ്‌. നയതന്ത്രജ്‌ഞന്‍ പറഞ്ഞതായി ദ്‌ വാഷിങ്‌ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട്‌ ചെയ്‌തു.
ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ കര്‍ശനമായ ഇസ്ലാമിക നിയമം നടപ്പാക്കുമോ എന്ന ആശങ്ക അദ്ദേഹം ലഘൂകരിച്ചു. അങ്ങനെയൊരു നീക്കം നടന്നാല്‍ പിറ്റേദിവസം തന്നെ അമേരിക്ക '100 ശതമാനം താരിഫുകള്‍ അവരുടെ മേല്‍ ഏര്‍പ്പെടുത്തുമെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.
ആ കൂടിക്കാഴ്‌ച സാധാരണമായ ഒരു ഒത്തുചേരലായിരുന്നൂവെന്ന്‌ ധാക്കയിലെ യു.എസ്‌. എംബസിയുടെ വക്‌താവ്‌ മോണിക്ക ഷീ പിന്നീട്‌ വാഷിങ്‌ടണ്‍ പോസ്‌റ്റിനോട്‌ പറഞ്ഞു.
1941ല്‍ ഇസ്ലാമിക ചിന്തകന്‍ സയ്യിദ്‌ അബുല്‍ അല മൗദൂദി സ്‌ഥാപിച്ച സംഘടനയാണ്‌ ജമാഅത്തെ ഇസ്ലാമി. ഒരു ഘട്ടത്തില്‍ പാകിസ്‌താനില്‍നിന്നുള്ള ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ അവര്‍ എതിര്‍ത്തിരുന്നു. 1971ലെ യുദ്ധസമയത്ത്‌, മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പാകിസ്‌താന്‍ പക്ഷം ചേര്‍ന്നു, സ്വതന്ത്ര ബംഗ്ലാദേശിനു വേണ്ടി പോരാടിയ ആയിരക്കണക്കിന്‌ സാധാരണക്കാരെ കൊന്നൊടുക്കിയ ഗ്രൂപ്പുകള്‍ അവര്‍ സ്‌ഥാപിക്കുകയും ചെയ്‌തു.
2009ല്‍ ഷെയ്‌ഖ് ഹസീന അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, രാജ്യാന്തര ക്രിമിനല്‍ ട്രിബ്യൂണലില്‍ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കെതിരേ യുദ്ധക്കുറ്റ വിചാരണയ്‌ക്ക് ഉത്തരവിടുകയും പാര്‍ട്ടിയെ നിരോധിക്കുകയും ചെയ്‌തു. 2024ല്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെത്തുടര്‍ന്ന്‌ ഷെയ്‌ഖ് ഹസീനയെ പുറത്താക്കിയതിനു ശേഷം പാര്‍ട്ടിയുടെ നിരോധനം നീക്കം ചെയ്‌തു. അന്നുമുതല്‍, നേതാവ്‌ ഷഫീഖുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമി ഒരു പ്രധാന രാഷ്‌ട്രീയ ശക്‌തിയായി വളര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ രൂപീകരിച്ച രാഷ്‌ട്രീയ സംഘടനയായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കി. 2024ല്‍ ഹസീനയുടെ പുറത്താക്കലിനു ശേഷം യു.എസ്‌. ഉദ്യോഗസ്‌ഥരുമായി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ നിരവധി കൂടിക്കാഴ്‌ചകള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയോട്‌ ഇന്ത്യക്ക്‌ താല്‍പര്യം കുറവാണ്‌. പാക്‌ ബന്ധമാണു പ്രധാന കാരണം. ഷെയ്‌ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ധാക്ക - ന്യൂഡല്‍ഹി ബന്ധം വഷളായിട്ടുണ്ട്‌.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW