-->
തിരുവനന്തപുരം; ശബരിമല സ്വര്‍ണക്കൊള്ളയും സഹകരണബാങ്ക് തട്ടിപ്പും ആരോപിച്ച് എല്‍.ഡി.എഫിനെയും 'മുസ്ലിംലീഗ്- മാവോവാദി കോണ്‍ഗ്രസ്' എന്ന പരിഹാസവുമായി യു.ഡി.എഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ബി.ജെ.പിക്കു ഭരണം ലഭിച്ചാല്‍ ശബരിമല അയ്യപ്പഭഗവാന്റെ സ്വര്‍ണം മോഷ്‌ടിച്ചവരെയെല്ലാം ജയിലിലാക്കുമെന്നും അത് തന്റെ ഗ്യാരന്റിയാണെന്നും മോദി പ്രഖ്യാപിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് എന്‍.ഡി.എ. സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിനായി വന്‍കിടപദ്ധതികളൊന്നും പ്രഖ്യാപിക്കാതെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രാഷ്‌ട്രീയപ്രചാരണത്തിനു തുടക്കം കുറിച്ചാണ് പ്രധാനമന്ത്രി മോദി മടങ്ങിയത്. സില്‍വര്‍ ലൈനിനു ബദലായി അതിവേഗ റെയില്‍ ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വികസനം സാധ്യമാകാന്‍ കേരളത്തിലും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്നു മോദി പറഞ്ഞു. ശബരിമല അയ്യപ്പനില്‍ ജനകോടികള്‍ക്കുള്ള വിശ്വാസത്തെയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊള്ളയടിച്ചത്. കേരളത്തില്‍ ബി.ജെ.പിക്കു ഭരണം നല്‍കിയാല്‍ ഭഗവാന്‍ അയ്യപ്പന്റെ സ്വര്‍ണം മോഷ്‌ടിച്ച സകലരുടെയും വാസം ജയിലിലാക്കും. ഇരുമുന്നണികള്‍ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. ഇനിമുതല്‍ വികസനപക്ഷമെന്ന മൂന്നാമതൊരു പക്ഷം കൂടി രൂപപ്പെടുകയാണ്. എന്‍.ഡി.എയെ
തെരഞ്ഞെടുക്കാനുള്ള ശരിയായ സമയമാണിതെന്നും മോദി പറഞ്ഞു.'എന്റെ സുഹൃത്തുക്കളേ' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്‌താണ് മോദി പ്രസംഗമാരംഭിച്ചത്. 'മാറാത്തത് ഇനി മാറും' എന്ന ബി.ജെ.പി. മുദ്രാവാക്യവും മലയാളത്തില്‍ പറഞ്ഞു. കേന്ദ്രപദ്ധതികള്‍ കേരളം നടപ്പാക്കുന്നില്ലെന്നും പി.എം. ശ്രീ നടപ്പാക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട സഹായം നഷ്‌ടമാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എം.എം.സി. കോണ്‍ഗ്രസാണ് ഇപ്പോഴുള്ളതെന്നും, എം.എം.സി. എന്നാല്‍ 'മുസ്ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ്' എന്നാണെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായി മാറി. വര്‍ഗീയപരീക്ഷണശാലയായി കേരളത്തെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അജന്‍ഡയില്‍നിന്നു സംസ്‌ഥാനത്തെ രക്ഷിക്കണം. ഇതാണ് എന്‍.ഡി.എ. സര്‍ക്കാരിനുള്ള ശരിയായ സമയം. 1987-നു മുമ്പ് ഗുജറാത്തില്‍ പത്രത്താളുകളില്‍പ്പോലും ബി.ജെ.പിക്ക് ഇടം കിട്ടിയിരുന്നില്ല.
87-ല്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചാണ് ഗുജറാത്തില്‍ ബി.ജെ.പി. തേരോട്ടമാരംഭിച്ചത്. അതിനു സമാനമായാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച് കേരളത്തില്‍ ബി.ജെ.പി നടത്താനിരിക്കുന്ന മുന്നേറ്റം. പത്മനാഭസ്വാമിയുടെ പാവനഭൂമിയില്‍ വരാനായതു സൗഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയേയും മന്നത്ത് പത്മനാഭനെയും പ്രസംഗത്തില്‍ അനുസ്‌മരിച്ചു.
വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പുത്തരിക്കണ്ടം മൈതാനം വരെ റോഡിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ ബി.ജെ.പി. പ്രവര്‍ത്തകരെ
പ്രധാനമന്ത്രി അഭിവാദ്യം ചെയ്‌തു. പുത്തരിക്കണ്ടം മൈതാനത്ത് ആദ്യം നടന്ന ഔദ്യോഗികപരിപാടിയില്‍ ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ് ശിലാസ്‌ഥാപനം, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ റേഡിയോ സര്‍ജറി സെന്റര്‍ ശിലാസ്‌ഥാപനം, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്, പി.എം. സ്വനിധി വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് വിതരണോദ്‌ഘാടനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്നാണ് എന്‍.ഡി.എ. വേദിയിലെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തത്.
ആശാനാഥിന്റെ പാദം വന്ദിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: കാല്‍തൊട്ട് വന്ദിക്കാനെത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പാദം വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടിച്ചു. ഈ അപ്രതീക്ഷിതനീക്കം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
പ്രധാനമന്ത്രി സ്‌ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ആശാനാഥ് പറയുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണിത്. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് കൂടെയുണ്ടാകുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നഗരസഭാ ബജറ്റില്‍ ജനം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ആത്മവിശ്വാസം ഇതോടെ വര്‍ധിച്ചെന്നും ആശാനാഥിന്റെ വാക്കുകള്‍.