Saturday, March 14, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

സ്വര്‍ണക്കൊള്ള കേസ്‌: ചിത്രങ്ങള്‍ പുറത്ത്‌; അടൂര്‍ പ്രകാശിന്‌ കുരുക്കു മുറുകി

uploads/news/2026/01/822289/k2.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരായ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു കടക്കുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന്‌ അടുത്ത ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്‌ അന്വേഷണസംഘം നീക്കം ശക്‌തമാക്കിയത്‌. ഇതിന്റെ ഭാഗമായി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഉടന്‍ വിളിപ്പിക്കുമെന്നാണ്‌ അന്വേഷണവൃത്തങ്ങളുടെ സൂചന.
ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കൊപ്പമുള്ള യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ എം.പി. ബെംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ ചിത്രങ്ങളാണ്‌ പുറത്തുവന്നത്‌. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്‌. ബെംഗളൂരുവില്‍നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ്‌ റാവുവും ഒപ്പമുണ്ട്‌.
മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചവേളയിലും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശ്‌ ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലവിളക്ക്‌ ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ നിരവധി രാഷ്‌ട്രീയ പ്രമുഖര്‍ക്കു നല്‍കിയിട്ടുണ്ടെന്നു പോറ്റി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്‌. ചിത്രങ്ങളുമായി ബന്ധപ്പെട്ട്‌ അടൂര്‍ പ്രകാശ്‌ വ്യക്‌തമായ വിശദീകരണം നല്‍കാത്തതോടെയാണ്‌ വിശദമായ ചോദ്യംചെയ്യലിലേക്ക്‌ അന്വേഷണം നീങ്ങുന്നത്‌.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലുള്ള പരിചയംമാത്രമാണു പോറ്റിയുമായി ഉണ്ടായിരുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യ വിശദീകരണം. എന്നാല്‍ 2024 ജനുവരി 27നു പോറ്റിയോടൊപ്പം പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രങ്ങള്‍ അടൂര്‍ പ്രകാശ്‌തന്നെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബംഗളൂരുവിലെ അയ്യപ്പഭക്‌തന്‍ എന്ന വിശേഷണത്തോടെയായിരുന്നു അന്ന്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ അദ്ദേഹം പരിചയപ്പെടുത്തിയത്‌. വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ്‌ നിര്‍വഹിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.
അതേസമയം, ബംഗളൂരുവില്‍ പോറ്റി കവറില്‍ കൈമാറിയത്‌ ഈന്തപ്പഴം മാത്രമായിരുന്നുവെന്നും അത്‌ അപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കു വിതരണം ചെയ്‌തുവെന്നുമാണ്‌ അടൂര്‍ പ്രകാശിന്റെ വിശദീകരണം.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW