-->
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിന് അവിടെയെത്തി സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ അന്നത്തെ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയ്‌ക്കെതിരേ ഇതുവരെ അന്വേഷണമുണ്ടായില്ലെന്ന പരാതിയില്‍ ആഭ്യന്തരവകുപ്പ് അടിയന്തര റിപ്പോര്‍ട്ട് തേടി.
പ്രതികളെ മുഴുവന്‍ ജയില്‍ അധികൃതര്‍ തുല്യനീതിയോടെ കാണണമെന്ന നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് 2017 ല്‍ സംഭവിച്ചതെന്നാണ് ആരോപണം.
ജയിലിലെത്തി സിനിമാനടനെ കണ്ട് ക്ഷേമം അന്വേഷിക്കാന്‍ കോടതിയോ സര്‍ക്കാരോ അന്നത്തെ ജയില്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. എന്നാല്‍ ജയില്‍ സന്ദര്‍ശനവേളയില്‍ തറയില്‍ അവശനായി കിടന്നത് സിനിമാനടനാണെന്നു തിരിച്ചറിഞ്ഞെന്നും ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ സെല്ലില്‍നിന്നു പുറത്തിറക്കി കരിക്കിന്‍വെള്ളം വരുത്തി നല്‍കിയെന്നുമാണ് ആര്‍. ശ്രീലേഖ മാധ്യമങ്ങളോടു വ്യക്‌തമാക്കിയിരുന്നത്.
ദിലീപിന് കിടക്കവിരി നല്‍കിയതായും അവര്‍ പറഞ്ഞിരുന്നു. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാതെ സിനിമാനടന്റെ മാത്രം ക്ഷേമം ഉറപ്പാക്കിയ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്‌പക്ഷ നടപടിക്രമത്തിന്റെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജയില്‍ മേധാവിയോട് ഇപ്പോള്‍ റിപ്പോര്‍ട്ട് തേടിരിക്കുന്നത്. ചില പ്രതികള്‍ക്കു മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് കൃത്യവിലോപത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂവെന്ന് പരാതിയില്‍ പറയുന്നു.
ആര്‍. ശ്രീലേഖ ഇപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലറാണ്. സര്‍വീസില്‍നിന്ന് പിരിഞ്ഞതിനു പിന്നാലെ സ്വന്തം യു ട്യൂബ് ചാനലിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അവര്‍ ദിലീപിനുവേണ്ടി രംഗത്ത് വന്നിരുന്നു. മുന്‍ ജയില്‍ മേധാവിയുടെ തുറന്നുപറച്ചില്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയെങ്കിലും ശ്രീലേഖ തന്റെ നിലപാടുകള്‍ പരസ്യമായി ത്തന്നെ ആവര്‍ത്തിച്ചു. ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് നേരിട്ടു കാര്യം ബോധിപ്പിച്ചിരുന്നെന്നുമാണ് അവര്‍ പറഞ്ഞത്.
പ്രതിക്കുവേണ്ടിയുള്ള ശ്രീലേഖയുടെ അവകാശവാദങ്ങള്‍ നിയമനടപടിയിലേക്കും നീണ്ടിരുന്നു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്‌ഥയുടെ പരാമര്‍ശത്തിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
രാജു പോള്‍