-->
തിരുവനന്തപുരം: തലസ്‌ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ മൂന്നു പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചറുമാണ് തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തത്.
തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംഗ്‌ഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍ വന്നത്.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം- ചെര്‍ലാപ്പള്ളി അമൃത് ഭാരത് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുമാണു ഉദ്‌ഘാടന സര്‍വീസ് നടത്തുക. 11 ജനറല്‍ കോച്ചുകളും 8 സ്‌ലീപ്പര്‍ കോച്ചുകളും വീതമാണ് ഇവയ്‌ക്കുള്ളത്. 1,740 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും.
മികച്ച ഇന്റീരിയര്‍, ജനറല്‍ കോച്ചുകളിലും കുഷ്യന്‍ സീറ്റുകള്‍, സിസിടിവി ക്യാമറകള്‍, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകള്‍ക്കുമുള്ളത്. ജനറല്‍ കോച്ചില്‍ 50 കിലോമീറ്റര്‍ വരെയുള്ള യാത്രയ്‌ക്കു 36 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്റര്‍ വരെ 149 രൂപയുമാണു അടിസ്‌ഥാന ടിക്കറ്റ് നിരക്ക്. ആര്‍.എ.സി. (റിസര്‍വേഷന്‍ എഗന്‍സ്‌റ്റ് ക്യാന്‍സലേഷന്‍) ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ല.
പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ ഉദ്‌ഘാടനച്ചടങ്ങ് നടക്കുന്നതോടൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന്‍, തിരുവനന്തപുരം നോര്‍ത്ത്, തൃശൂര്‍ എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു, തിരുവനന്തപുരം നോര്‍ത്തില്‍ കേന്ദ്രമന്ത്രി വി. സോമണ്ണ, തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.