-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള പ്രതിപക്ഷം ഉന്നയിക്കുകയും മന്ത്രിമാരുടെ നേതൃത്വത്തില്‍ ഭരണപക്ഷം ചെറുക്കുകയും ചെയ്‌തതോടെ നിയമസഭ പ്രക്ഷുബ്‌ധം. 'പോറ്റിയെ കേറ്റിയേ...' എന്ന പ്രതിപക്ഷത്തിന്റെ പല്ലവിക്ക്, 'സ്വര്‍ണം കട്ടത് ആരപ്പാ..കോണ്‍ഗ്രസാണേ അയ്യപ്പാ...' എന്ന അനുപല്ലവിയുമായാണ് ഭരണപക്ഷം പ്രതിരോധം തീര്‍ത്തത്. ശബരിമലയില്‍നിന്നു കട്ട സ്വര്‍ണം സോണിയാ ഗാന്ധിയുടെ വീട്ടില്‍ കാണുമെന്നു മന്ത്രി വി. ശിവന്‍കുട്ടി കടുപ്പിച്ചതോടെ പ്രതിപക്ഷം രോഷാകുലരായി സഭ ഇളക്കിമറിച്ചു.
സഭ സമ്മേളിച്ചപ്പോള്‍ത്തന്നെ ശബരിമല വിഷയത്തില്‍ പ്ലക്കാഡുകളുമായി പ്രതിപക്ഷം അണിനിരന്നു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്‌ക്കണമെന്നും എസ്.ഐ.ടിക്കുമേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടതോടെ മന്ത്രി എം.ബി. രാജേഷ് പ്രതിരോധമുയര്‍ത്തി. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കാത്ത പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. പ്രതിപക്ഷത്തിനു ചര്‍ച്ച ഭയമാണെന്നും തിണ്ണമിടുക്ക് കാട്ടുകയാണെന്നും രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റു. ബാനര്‍ ഉയര്‍ത്തി സ്‌പീക്കറുടെ ഇരിപ്പിടം മറച്ചായിരുന്നു പ്രതിപക്ഷനീക്കം.
'പോറ്റിയെ കേറ്റിയേ...' എന്ന പാരഡി ഗാനത്തിന്റെ വരികള്‍ പ്ലക്കാഡുകളില്‍ ഉള്‍പ്പെടുത്തിയതിനു പുറമേ പ്രതിപക്ഷം പാടി പ്രതിഷേധിക്കുകയും ചെയ്‌തതോടെ, സ്വര്‍ണം കട്ടത് ആരപ്പായെന്ന് അടൂര്‍ പ്രകാശിനോടു ചോദിക്കൂവെന്ന് മന്ത്രി രാജേഷ് തിരിച്ചടിച്ചു. ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ നിയമസഭയില്‍ സമരം ചെയ്യുകയാണെന്നും യഥാര്‍ത്ഥ പ്രതികള്‍ അകപ്പെടുന്ന ദിവസം പാടാന്‍ തങ്ങളൊരു പാട്ട് ബാക്കിവച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞപ്പോള്‍ പ്രതിപക്ഷം പാട്ട് മുറുക്കി. 'സ്വര്‍ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ...' എന്ന് ഭരണപക്ഷം തിരിച്ചുപാടി.
മന്ത്രി ശിവന്‍കുട്ടിയും 'പോറ്റിപ്പാട്ട്' പാടിയതോടെ സഭ ബഹളത്തില്‍ മുങ്ങി. സ്വര്‍ണക്കൊള്ള കേസില്‍ സോണിയാ ഗാന്ധിയെ അറസ്‌റ്റ് ചെയ്യണമെന്നും വീട് റെയ്‌ഡ് ചെയ്യണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടില്‍ പോറ്റി രണ്ടുതവണ പോയത് എന്തിനാണെന്നു ചോദിച്ച ശിവന്‍കുട്ടി, പോറ്റി കൈയില്‍ കെട്ടിക്കൊടുത്തതു സ്വര്‍ണമാണെന്നും ആരോപിച്ചു. വിഷയത്തില്‍നിന്നു പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും കളവ് ചെയ്‌തത് അവരാണെന്നും മന്ത്രി വീണാ ജോര്‍ജ് ഏറ്റുപിടിച്ചു.
അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കാതെ ബഹളം വയ്‌ക്കുന്നത് ശരിയല്ലെന്നു സ്‌പീക്കര്‍ എ.എന്‍. ഷംസീറും പ്രതിപക്ഷത്തിനു സഭ ചേരുന്നതില്‍ താത്‌പര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തി.
സ്‌പീക്കര്‍ നന്ദിപ്രമേയചര്‍ച്ചയിലേക്കു കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. സഭാനടപടികളുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷനേതാവ് സതീശന്‍ സ്‌പീക്കറെ അറിയിച്ചു. സഭ പിരിയുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചതോടെ ഇരുപക്ഷവും മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങി. 27-ന് സഭ വീണ്ടും ചേരും.