-->
പാലാ: സാധാരണക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ സമ്പൂര്‍ണ ക്യാന്‍സര്‍ ചികിത്സാകേന്ദ്രം എന്ന ലക്ഷ്യം യാഥാര്‍ഥ്യമായെന്നു പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ മാര്‍ സ്ലീവാ ക്യാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നൂതനസംവിധാനങ്ങളോടെ ആരംഭിച്ച റേഡിയേഷന്‍ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശിര്‍വാദവും സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ വര്‍ഷത്തിനിടെ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായി മാനേജിങ് ഡയറക്‌ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. ചടങ്ങില്‍ വര്‍ഗീസ് മാളിയേക്കല്‍, ഷീല മാളിയേക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു, റേഡിയേഷന്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ആന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സോന്‍സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരത്തോടെ ഉന്നത സാങ്കേതികവിദ്യകളോടെയുള്ള റേഡിയേഷന്‍ ചികിത്സയാണ് മാര്‍ സ്ലീവാ ക്യാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ക്രമീകരിച്ചിരിക്കുന്നത്. വിദേശനിര്‍മിത ലീനിയര്‍ ആക്‌സിലറേറ്റര്‍ സംവിധാനമാണ് റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലെ സവിശേഷത. ഇതിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ വേഗമേറിയ ചികിത്സ ലഭ്യമാകുമെന്ന് മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍, റേഡിയേഷന്‍ ഓങ്കോളജി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സോന്‍സ് പോള്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ.വിഷ്‌ണു രഘു, ഡോ.ആന്‍സി മാത്യു എന്നിവര്‍ പറഞ്ഞു.
ഡോ.വിഷ്‌ണു എസ്.നായരുടെ നേതൃത്വത്തില്‍ മധ്യകേരളത്തിലെ ആദ്യത്തെ സമഗ്ര പീഡിയാട്രിക് ഓങ്കോളജി വിഭാഗവും സെന്ററിലുണ്ട്. രോഗനിര്‍ണയം, ക്യാന്‍സറിന്റെ സ്‌റ്റേജ് നിര്‍ണയം എന്നിവ വേഗത്തില്‍ അറിയാവുന്ന പെറ്റ് സ്‌കാന്‍ ഉള്‍പ്പെടെ ന്യൂിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സീനിയര്‍ കണ്‍സള്‍ട്ടന്റ് ബ്രിഗേഡിയര്‍ ഡോ.എം.ജെ. ജേക്കബ്, കണ്‍സള്‍ട്ടന്റ് ഡോ.എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോഫിന്‍ കെ.ജോണിയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നു. മജ്‌ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കുള്ള അഫെറേസീസ് മെഷീന്‍ ആന്‍ഡ് ക്രയോ പ്രിസര്‍വേഷന്‍ യൂണിറ്റും പ്രവര്‍ത്തനസജ്‌ജമാകുകയാണ്. ഇതോടെ മധ്യകേരളത്തില്‍ അത്യാധുനിക ക്യാന്‍സര്‍ ചികിത്സ ഒരുക്കുന്ന സമ്പൂര്‍ണ ക്യാന്‍സര്‍ ചികിത്സാകേന്ദ്രമാകും ഒരു ലക്ഷത്തില്‍ പരം ചതുരശ്രയടിയില്‍ നിര്‍മിച്ചിരിക്കുന്ന മാര്‍ സ്ലീവാ ക്യാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍.