-->
തിരുവനന്തപുരം: കിറ്റക്‌സ് എം.ഡി: സാബു എം. ജേക്കബ് നയിക്കുന്ന ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. ബി.ജെ.പി. ആസ്‌ഥാനമായ മാരാര്‍ജി ഭവനിലെ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം, ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചെയര്‍മാന്‍ സാബു എം. ജേക്കബും സംയുക്‌ത വാര്‍ത്താസമ്മേളനത്തിലാണ് മുന്നണിപ്രവേശനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്ത് തലസ്‌ഥാനത്ത് എത്താനിരിക്കെയാണ് നിര്‍ണായക നീക്കം. ട്വന്റി 20 രൂപീകരണത്തിനു ശേഷം ആദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ സാബു എം. ജേക്കബും വേദിയിലെത്തും.
കേരളത്തിന്റെ വികസന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ബി.ജെ.പി. നയിക്കുന്ന മുന്നണിക്കു മാത്രമേ സാധിക്കൂവെന്ന് സാബു ജേക്കബ് പറഞ്ഞു.
ഇന്ത്യ വികസിക്കുമ്പോള്‍ കേരളം മുരടിക്കുന്നതാണ് കാഴ്‌ച. കടത്തിനു മുകളില്‍ കടത്തിലേക്കാണ് കേരളം നീങ്ങുന്നത്. വിലക്കയറ്റം അതിരൂക്ഷം. മോദിയുടെ കീഴില്‍ ഇന്ത്യ ലോക സൂപ്പര്‍ പവറായി മാറി. രാജ്യാന്തരതലത്തില്‍ ഇന്ത്യയ്‌ക്ക് ഇപ്പോള്‍ കിട്ടുന്ന പരിഗണന നോക്കിയാല്‍ അത് മനസിലാക്കാം. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യ ചരിത്രത്തിലെങ്ങുമില്ലാത്ത വികസന നേട്ടങ്ങളാണ് സ്വന്തമാക്കിയത്.- സാബു ജേക്കബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് 'മുന്നണിയാകുമ്പോള്‍ ഒറ്റയെ്‌ക്കാരു തീരുമാനം പറയാനാവില്ലെ'ന്ന് അദ്ദേഹം മറുപടി നല്‍കി.
ട്വന്റി 20 എന്‍.ഡി.എയുടെ ഭാഗമാവുകയണെന്നും ഇതു സന്തോഷത്തിന്റെ ദിവസമെന്നും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. വലിയൊരു തൊഴില്‍ ദാതാവ് എന്ന നിലയില്‍ സാബു ജേക്കബിന്റെ സാന്നിധ്യം എന്‍.ഡി.എയ്‌ക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.