-->
കൊച്ചി: കേരളത്തില്‍ സോഷ്യലിസം അതിന്റെ പാരമ്യത്തിലാണെന്ന പരിഹാസവുമായി സുപ്രീം കോടതി. വന്‍കിട കോര്‍പ്പറേറ്റുകളെപ്പോലും ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സര്‍ക്കാര്‍ കുടിയാന്മാരായി കണക്കാക്കുന്നുണ്ടാകാമെന്നായിരുന്നു കോടതിയുടെ പരിഹാസം. പെട്രോള്‍ പമ്പ് സ്‌ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നല്‍കിയ സ്‌ഥലം ഉടമയ്‌ക്ക് തിരിച്ചുനല്‍കണമെന്ന ഉത്തരവിനിടെയാണ് ജസ്‌റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പരാമര്‍ശം നടത്തിയത്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ഭൂപരിഷ്‌കരണ നിയമം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
എറണാകുളം ഇളംകുളം വില്ലേജില്‍ ഇന്ത്യന്‍ ഓയിലിനു പാട്ടത്തിനു നല്‍കിയ 20 സെന്റ് ഭൂമി തിരികെ വേണമെന്നാവശ്യപ്പെട്ട് 1994 ലാണ് ഉടമ കോടതിയെ സമീപിച്ചത്. എന്നാല്‍ ഭൂപരിഷ്‌കരണ നിയമത്തിലെ 106 ാം വകുപ്പിന്റെ ആനുകൂല്യം ഇന്ത്യന്‍ ഓയിലിനുണ്ടെന്നു പറഞ്ഞ് ലാന്‍ഡ് ട്രിബ്യൂണലും വിചാരണക്കോടതിയും ഈ ആവശ്യം തള്ളി. പിന്നീട് ഹൈക്കോടതി ഭൂമി തിരികെ നല്‍കാന്‍ ഉത്തരവിട്ടെങ്കിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ആറുമാസത്തിനകം ഭൂമി ഉടമയ്‌ക്കു കൈമാറണമെന്ന് ഉത്തരവിട്ടു.
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഭൂമിയാണെങ്കില്‍ ഇത്തരം സംരക്ഷണം മനസിലാക്കാമായിരുന്നെന്നും വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ കാര്യത്തില്‍ ഇതെന്തു ഭൂപരിഷ്‌കരണമാണെന്നും കോടതി ചോദിച്ചു. വാണിജ്യ, വ്യവസായ ഭൂമിയിലെ വാടകക്കാര്‍ക്കു പരിരക്ഷ നല്‍കുന്ന ഭൂപരിഷ്‌കരണ നിയമത്തിലെ 106-ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെയായായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. 1967 നു മുന്‍പ് ഇത്തരം ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചവര്‍ക്ക് കുടിയിറക്കുന്നതില്‍നിന്ന് 106-ാം വകുപ്പ് പരിരക്ഷ നല്‍കുന്നുണ്ട്.