-->
കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നൽകിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ സ്റ്റാൻ്റിലേക്കുള്ള ബസ് യാത്രയിൽ ഒരാൾ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. പരാതിയിൽ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ഇ-മെയിൽ വഴി ഇന്നാണ് പൊലീസിൽ പരാതി നൽകിയത്.
കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ ഷിംജിതക്കെതിരെ കേസ് എടുക്കുകയായിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷിംജിതയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.