-->
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണമെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മകളുടെ ഭര്‍ത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവന്‍ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാന്‍ കഴിയുന്നില്ലെന്നും ബന്ധുക്കള്‍ക്ക് സന്ദേശവും അയച്ചു.
സന്ദേശം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത ശേഷമാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിനകത്തെ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ബി എം ഉണ്ണികൃഷ്ണനാണ് ഗ്രീമയുടെ ഭര്‍ത്താവ്. ഇയാള്‍ അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനാണ്. സന്ദേശം കിട്ടിയ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സജിതയുടെ ഭര്‍ത്താവ് ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡനില്‍ താമസിക്കുന്ന റിട്ട അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവ് അടുത്തിടെയാണ് മരിച്ചത്.
ആറ് വര്‍ഷം മുന്‍പാണ് ഗ്രീമയുടെ വിവാഹം നടന്നത്. ഉണ്ണികൃഷ്ണന്‍ അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് ഇയാള്‍ ഗ്രീമയെ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മാത്രമാണ് ഗ്രീമയും ഭര്‍ത്താവും ഒരുമിച്ച് താമസിച്ചത്. 200ലധികം പവന്‍ സ്വര്‍ണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു വിവാഹമെന്നും ബന്ധുക്കള്‍ പറഞ്ഞു.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല ; സമ്മര്‍ദ്ദങ്ങള്‍ അധികരിക്കുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)