-->
സൂറത്ത്: ഏകദേശം 33 ഗ്രാമങ്ങള്‍ക്ക് ജലവിതരണത്തിനായി 21 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ വാട്ടര്‍ടാങ്ക് ഉദ്ഘാടനത്തിന് മുമ്പായി ആദ്യ ദിവസം തന്നെ തകര്‍ന്നുവീണു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ലൈഫ്ലൈനായ ഗൈപാഗ്ല ഗ്രൂപ്പ് വാട്ടര്‍ സപ്ലൈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വാട്ടര്‍ടാങ്കായിരുന്നു ഇത്. സംസ്ഥാനത്തിന് വലിയ നാണക്കേടായി മാറിയ വാട്ടര്‍ടാങ്ക് സംഭവത്തില്‍ ഗുജറാത്ത് പോലീസ് ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തഡ്‌കേശ്വര് ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച 15 മീറ്റര്‍ ഉയരമുള്ള വാട്ടര്‍ ടാങ്ക് തകര്‍ന്നുവീഴുമ്പോള്‍ 9 ലക്ഷം ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു.
എഞ്ചിനീയര്‍മാര്‍ ജനുവരി 19 ന്, പതിവ് ശേഷി പരിശോധനയ്ക്കായി നിറച്ചപ്പോഴായിരുന്നു തകര്‍ന്നത്. അംഗുരിബെന്‍ രാജുഭായ് ആദ്, അഞ്ജലിബെന്‍ രാജുഭായ് ആദ്, കലിതബെന്‍ അനില്‍ഭായ് വാച്‌ലിയ എന്നീ മൂന്ന് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പദ്ധതിയില്‍ ഉപയോഗിച്ചത് നിലവാരമില്ലാത്ത വസ്തുക്കളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവം പ്രാദേശിക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ഈ എഞ്ചിനീയറിംഗ് ദുരന്തത്തിന് ഉത്തരവാദികളായവരെ വേട്ടയാടാന്‍ ഏഴ് പ്രത്യേക ടീമുകള്‍ രൂപീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
മെഹ്സാന, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ ബാബുഭായി അംബാലാല്‍ പട്ടേല്‍ (61): ജയന്തി സൂപ്പര്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ജാസ്മിന്‍ഭായി ബാബുഭായി പട്ടേല്‍ (32): പങ്കാളി/കരാര്‍, ധവല്‍ഭായി രതിലാല്‍ പട്ടേല്‍ (35): സൈറ്റ് എഞ്ചിനീയര്‍, ജയന്തിഭായി അംബാലാല്‍ പട്ടേല്‍ (61): മാനേജ്മെന്റ്/പങ്കാളി, ബാബുഭായി മണിലാല്‍ പട്ടേല്‍ (63): പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് (പിഎംസി), മാര്‍സ് പ്ലാനിംഗ് & എഞ്ചിനീയറിംഗ്, ജിഗര്‍ഭായി റാവ്ജിഭായി പ്രജാപതി (34): സൈറ്റ് സൂപ്പര്‍വൈസര്‍, പിഎംസി, അങ്കിത്ഭായി പരസോത്തംബഹി ഗരാസിയ (42): എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജലവിതരണ വകുപ്പ് എന്നിവരെ അറസ്റ്റ ചെയ്തു.