Saturday, March 14, 2026 Last Updated 28 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.33 PM

ഒടുവില്‍ ഖേദം, തലയൂരി മന്ത്രി സജി ചെറിയാന്‍

uploads/news/2026/01/821971/k3.jpg

തിരുവനന്തപുരം: ഒടുവില്‍ മന്ത്രി സജി ചെറിയാന്‍ സ്വയം തിരുത്തി. മലപ്പുറത്തെയും കാസര്‍ഗോട്ടെയും ജനപ്രതിനിധികളുടെ മതം തെരയണമെന്ന തരത്തില്‍ നടത്തിയ വിവാദപ്രസ്‌താവന പിന്‍വലിച്ച്‌ സജി ഖേദം പ്രകടിപ്പിച്ചതോടെ, തുടക്കത്തില്‍ അദ്ദേഹത്തെ തിരുത്താതിരുന്ന സി.പി.എമ്മും ന്യായീകരിച്ച മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള നേതാക്കളും വെട്ടിലായി.
വര്‍ഗീയധ്രുവീകരണമറിയാന്‍, മലപ്പുറത്തും കാസര്‍ഗോട്ടും തദ്ദേശതെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ പേര്‌ നോക്കിയാല്‍ മതിയെന്നായിരുന്നു സജി ചെറിയാന്റെ വിവാദപ്രസ്‌താവന. ഇതിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നെങ്കിലും തിരുത്താന്‍ സജിയോ തിരുത്തിക്കാന്‍ സി.പി.എമ്മോ തയാറായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചതോടെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണവും ഒഴുക്കന്‍ മട്ടിലായി. എന്നാല്‍, മന്ത്രിയുടെ പ്രസ്‌താവന വിപരീതഫലം ചെയ്യുമെന്നുറപ്പായതോടെ, പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കാന്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും വൈകി നിര്‍ദേശിക്കുകയായിരുന്നു. നിയമസഭാസമ്മേളനത്തിലും സജിയുടെ വാക്കുകള്‍ പ്രതിപക്ഷം ആയുധമാക്കുമെന്ന്‌ ഉറപ്പായതോടെയാണ്‌ പിന്മാറ്റം.
വിവാദമുയര്‍ന്ന്‌ മൂന്നുദിവസം കഴിഞ്ഞപ്പോഴാണ്‌ മന്ത്രി സജി ചെറിയാന്‍ പ്രസ്‌താവന പിന്‍വലിച്ച്‌ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്‌. എന്നാല്‍, പ്രസ്‌താവന പിന്‍വലിച്ചതുകൊണ്ട്‌ പ്രശ്‌നം തീരില്ലെന്നും സജിയെ സി.പി.എം. പുറത്താക്കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. പ്രസ്‌താവന പിന്‍വലിച്ച്‌ പത്രക്കുറിപ്പ്‌ ഇറക്കിയതോടെ, ചെങ്ങന്നൂരില്‍ വിളിച്ച പത്രസമ്മേളനം മന്ത്രി റദ്ദാക്കി.

ഖേദം പ്രകടിപ്പിച്ചത്‌ തെറ്റ്‌: വെള്ളാപ്പള്ളി

ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത്‌ തെറ്റാണെന്നും സത്യം പറഞ്ഞതിന്‌ എന്തിനാണ്‌ ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
രാഷ്‌ട്രീയക്കാരനായതുകൊണ്ടാണ്‌ സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും താനാണെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Ads by Google
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW