Saturday, March 14, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.33 PM

ശബരിമല സ്വര്‍ണക്കൊള്ള: 1.30 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി ഇ.ഡി.

uploads/news/2026/01/821970/k2.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 1.30 കോടി രൂപ മൂല്യമുള്ള സ്‌ഥാവരസ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്‌ഥര്‍, മുന്‍ ക്ഷേത്രഭരണാധികാരികള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരും ജൂവലറികളും ഉള്‍പ്പെട്ട ആസൂത്രിത ഗൂഢാലോചനയില്‍ പോലീസ്‌ ൈക്രംബ്രാഞ്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട്‌ എഫ്‌.ഐ.ആറുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഇ.ഡി. അന്വേഷണം.
ദ്വാരപാലകശില്‍പ്പഭാഗങ്ങള്‍, പീഠങ്ങള്‍, ശ്രീകോവില്‍ കട്ടിളപ്പടികള്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ, സ്വര്‍ണം പൂശിയ വസ്‌തുക്കള്‍ ഔദ്യോഗികരേഖകളില്‍ ചെമ്പ്‌ തകിടുകളെന്നു മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തുകയും 2019-25 കാലയളവില്‍ ക്ഷേത്രപരിസരത്തുനിന്ന്‌ അനധികൃതമായി മാറ്റുകയും ചെയ്‌തതായി ഇ.ഡി. പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇവ പിന്നീട്‌ ചെന്നൈയിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌, കര്‍ണാടകയിലെ റോഡാം ജൂവലേഴ്‌സ്‌ തുടങ്ങിയ സ്വകാര്യസ്‌ഥാപനങ്ങളിലേക്ക്‌ കൊണ്ടുപോയി. അറ്റകുറ്റപ്പണിയുടെയും പുനര്‍നിര്‍മാണത്തിന്റെയും മറവില്‍ രാസപ്രക്രിയകളിലൂടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. വേര്‍തിരിച്ചെടുത്ത സ്വര്‍ണവും അനുബന്ധസ്വത്തുക്കളും പ്രതികള്‍ മറച്ചുവയ്‌ക്കുകയും കൈമാറുകയും ചെയ്‌തതായി ഇ.ഡി. പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
ശബരിമല ക്ഷേത്രത്തിലെ മറ്റ്‌ സാമ്പത്തികക്രമക്കേടുകളുടെയും അഴിമതികളുടെയും സൂചനകള്‍ ഇ.ഡി. അന്വേഷണത്തില്‍ ലഭിച്ചു. വഴിപാടുകളുടെയും ആചാരങ്ങളുടെയും ദുരുപയോഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം (പി.എം.എല്‍.എ) പരിശോധിച്ചുവരുന്നു. കുറ്റകൃത്യങ്ങളില്‍നിന്നുള്ള വരുമാനം കണ്ടെത്തുക, ഗുണഭോക്‌താക്കളെ തിരിച്ചറിയുക, രേഖകളും ഡിജിറ്റല്‍ തെളിവുകളും വീണ്ടെടുക്കുക, കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്‌തി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്‌. റെയ്‌ഡില്‍ വന്‍തോതില്‍ രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഉദ്യോഗസ്‌ഥര്‍ തയാറാക്കിയ മഹസറുകളും ഔദ്യോഗികരേഖകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പ്‌ തകിടുകളെന്നു മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തിയാണ്‌ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്‌.
ഇ.ഡി. പിടിച്ചെടുത്തവയില്‍ 2019-24 കാലയളവിലെ ബോര്‍ഡ്‌ ഉത്തരവുകള്‍, ശിപാര്‍ശകള്‍, കത്തിടപാടുകള്‍, ജൂവലറി ഇന്‍വോയ്‌സുകള്‍, പണമടച്ചതിന്റെ രേഖകള്‍, സ്വര്‍ണം വേര്‍തിരിക്കലും പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വാറന്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വഴിപാടുകളിലും ആചാരങ്ങളിലും ചില ഉദ്യോഗസ്‌ഥര്‍ നടത്തിയ ക്രമക്കേടുകള്‍, വരുമാനം വകമാറ്റല്‍, ഗുണനിലവാരവുമായി ബന്ധപ്പെട്ട നഷ്‌ടങ്ങള്‍, അനധികൃതസ്വത്ത്‌ സമ്പാദനം, ഉദ്യോഗസ്‌ഥരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച തെളിവുകളും കണ്ടെത്തി.
പ്രതികളുടേതായി 1.30 കോടി രൂപ വിലമതിക്കുന്ന എട്ട്‌ സ്‌ഥാവരസ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. ചെന്നൈ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍നിന്ന്‌ 100 ഗ്രാം സ്വര്‍ണക്കട്ടി പിടിച്ചെടുത്തു. സി.ആര്‍.പി.എഫ്‌. ജവാന്‍മാരടക്കം നൂറോളം ഉദ്യോഗസ്‌ഥരാണ്‌ വിവിധയിടങ്ങളില്‍ ഒരേസമയം നടന്ന റെയ്‌ഡില്‍ പങ്കെടുത്തത്‌. ചെന്നൈ അമ്പത്തൂരിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സ്‌, സി.ഇ.ഒ. പങ്കജ്‌ ഭണ്ഡാരിയുടെ ഓഫീസ്‌, വീട്‌, അമ്പത്തൂര്‍, വെപ്പേരി എന്നിവിടങ്ങളിലെ ജൂവലറികള്‍, സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ കര്‍ണാടക ബെല്ലാരിയിലെ വീട്‌, ബംഗളുരുവിലെ ജൂവലറി, ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ ശ്രീരാംപുരയിലെ വാടകവീട്‌ എന്നിവിടങ്ങളിലും റെയ്‌ഡ്‌ നടന്നു.
തിരുവനന്തപുരത്ത്‌ ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്തെ മരാമത്ത്‌ വിഭാഗം, ദേവസ്വം കമ്മിഷണറുടെ ഓഫീസ്‌, ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്‌, പോറ്റിയുടെ സഹോദരി മിനിയുടെ വെഞ്ഞാറമൂട്ടിലെ വീട്‌, തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്‌. ബൈജുവിന്റെ വീട്‌, ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാറിന്റ ആറന്മുളയിലെ വീട്‌, മുന്‍ സെക്രട്ടറി എസ്‌. ജയശ്രീയുടെ തിരുവല്ല മുത്തൂരിലെ വീട്‌, എറണാകുളം കാക്കനാടുള്ള ഫ്‌ളാറ്റ്‌, മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരായ ബി. മുരാരിബാബുവിന്റെ ചങ്ങനാശേരി പെരുന്നയിലെ വീട്‌, രാജേന്ദ്രപ്രസാദിന്റെ അങ്കമാലി കോതകുളങ്ങരയിലെ വീട്‌ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌.

Ads by Google
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW