-->
തിരുവനന്തപുരം: ഇന്ത്യയുടെ ലൈഫ് സയന്‍സസ്, ഇന്നൊവേഷന്‍ മേഖലകളില്‍ വലിയൊരു നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാന്‍ തിരുവനന്തപുരം ഒരുങ്ങുന്നു. നാളെ ബയോ-360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആര്‍-എന്‍.ഐ.ഐ.എസ്.ടി ഇന്നൊവേഷന്‍, ടെക്‌നോളജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബിന്റെ ശിലാസ്‌ഥാപനം പ്രധാനമന്ത്രി ശ്രീനിര്‍വഹിക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചിന്റെ ഘടക സ്‌ഥാപനമായ സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്‌ഥാപിക്കുന്ന ഈ അത്യാധുനിക ഹബ്ബ്, ലൈഫ് സയന്‍സസ് മേഖലയിലെ ഡീപ്പ്-ടെക് ഇന്നൊവേഷന്‍, സാങ്കേതികവിദ്യകളുടെ വിപണിയിലേക്കുള്ള മാറ്റം, സംരംഭകത്വം എന്നിവയ്‌ക്കായുള്ള ഒരു ദേശീയ കേന്ദ്രമായാണ് വിഭാവനം ചെയ്‌തിരിക്കുന്നതെന്ന് ആര്‍-എന്‍.ഐ.ഐ.എസ്.ടി ഡയറക്‌ടര്‍ ഡോ.അനന്തരാമകൃഷ്‌ണന്‍ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.
ആയുര്‍വേദ ഗവേഷണത്തിനായുള്ള ഉന്നത കേന്ദ്രം ഈ ഹബ്ബില്‍ ഉണ്ടായിരിക്കും. ഒപ്പം സുഗന്ധവ്യഞ്‌ജന ഇന്‍കുബേഷന്‍, കയര്‍, റബ്ബര്‍ സാങ്കേതികവിദ്യകള്‍, സുസ്‌ഥിര പാക്കേജിംഗ്, ബയോമാനുഫാക്‌ചറിംഗ്, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ ദേശീയ മുന്‍ഗണനാ മേഖലകളില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും എം്.എസ്.എം.ഇ കള്‍ക്കും വളരാന്‍ അനുയോജ്യമായ ഒരു സാഹചര്യമൊരുക്കുന്നതോടൊപ്പം ശാസ്‌ത്രീയ മാനദണ്ഡീകരണം, ഗുണനിലവാര ഉറപ്പ്, മൂല്യവര്‍ദ്ധനവ്, വിപുലമായ നിര്‍മ്മാണം എന്നിവ ശക്‌തിപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ആയുഷ് ഉല്‍പ്പന്നങ്ങളുടെ ശാസ്‌ത്രീയ സാധൂകരണം, ഗുണനിലവാര നിയന്ത്രണം, ആഗോള മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയിലുള്ള ഊന്നല്‍ ഈ ഹബ്ബിന്റെ പ്രധാന സവിശേഷതയാണ്. സ്‌പൈസസ് ബോര്‍ഡ് പോലുള്ള ഏജന്‍സികളുമായുള്ള സഹകരണത്തിലൂടെ ആഗോള മത്സരക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ അടിസ്‌ഥാനമാക്കിയുള്ള സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, സ്‌റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ എന്നിവയും ഹബ്ബ് പ്രോത്സാഹിപ്പിക്കും.