-->
തിരുവനന്തപുരം: ബീഹാറില്‍ ഉണ്ടാക്കിയ വമ്പന്‍ വിജയം കേരളത്തിലൂം ആവര്‍ത്തിക്കാന്‍ ചടുല നീക്കവുമായി ബി.ജെ.പി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ സൃഷ്ടിച്ച് മിന്നുന്ന മുന്നേറ്റം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ളിയാഴ്ച എത്തുന്ന പ്രധാനമന്ത്രിക്ക് പടുകൂറ്റന്‍ സ്വീകരണം നല്‍കുന്നതിന് പുറമേ കേരളത്തിന്റെ ചുമതല ബീഹാറിലെ പാര്‍ട്ടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേയ്ക്ക് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുകയാണ്.
സഹചുമതല ശോഭ കരന്തലജെയ്ക്കും നല്‍കിയിട്ടുണ്ട്. നേരത്തേ ബീഹാറില്‍ തെരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി വിനോദ് താവ്ഡേക്ക് നല്‍കിയിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ബീഹാറില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് കേരളം ബിജെപിയുടെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് വ്യക്തമാക്കിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള നേതാക്കളുമായി ഡല്‍ഹിയില്‍ നിബിന്‍ കൂടിക്കാഴ്ച നടത്തുകയും കേരളത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുകയുമുണ്ടായി.
വെള്ളിയാഴ്ച്ച നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. നിതിന്‍ നബിന്‍ ചുമതലയേല്‍ക്കുന്ന പരിപാടിയില്‍ വച്ച് തന്നെ കേരളം ബിജെപിയുടെ പ്രധാന ലക്ഷ്യമാണ് എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്വന്തമാക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് കേരളം സ്വന്തമാക്കാന്‍ പറ്റില്ല എന്നും നരേന്ദ്ര മോദി ചോദിച്ചിരുന്നു. ദേശീയ അദ്ധ്യക്ഷന് നല്‍കിയിട്ടുള്ള ഏറ്റവും വലിയ ചുമതലകളിലൊന്നാണ് ഇത്. വെള്ളിയാഴ്ച കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി പല ബ്രഹത് പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.