-->
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി.സമുദായ നേതൃത്വം നടത്തിയ പരാമര്‍ശത്തില്‍ രാഷ്‌ട്രീയ നേട്ടം കണ്ട സി.പി.എമ്മിനു മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ബൂമറാങ്ങായി.
വര്‍ഗീയതയ്‌ക്കതിരേയുള്ള നിലപാടില്‍ പ്രതിപക്ഷ നേതാവി വി.ഡി. സതീശനു ലഭിച്ച ജനപിന്തുണ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ഒടുവില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വര്‍ഗീയതയെ തള്ളിപ്പറഞ്ഞ് രംഗത്തു വരേണ്ടി വന്നു. മലപ്പുറത്തും കാസര്‍ഗോഡുമുള്ള ജനപ്രതിനിധികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നാണെന്ന രീതിയില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരമാര്‍ശമാണു രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. സി.പി.എം നേതൃത്വത്തില്‍ പോലും മന്ത്രിയുടെ പരാമര്‍ശം ശരിയായില്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാത്രമല്ല വര്‍ഗീയതയ്‌ക്കെതിരേയുള്ള സതീശന്റെ നിലപാടിനു ലഭിച്ച ജനപിന്തുണയും സി.പി.എം. നേതൃത്വത്തെ അസ്വസ്‌ഥമാക്കി. ഇതോടെയാണു സി.പി.എം.സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വര്‍ഗീയതയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്.
വര്‍ഗീയത പറയുന്ന ഒരാളിനോട് പോലും സി.പി.എമ്മിനു യോജിപ്പില്ലെന്നായിരുന്നു സംസ്‌ഥാന സെക്രട്ടറിയുടെ പരാമര്‍ശം. ഒരു വര്‍ഗീയ പരാമര്‍ശവും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവിനെതിരേ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.
എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി. ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളും പ്രതിപക്ഷ നേതാവിനെതിരേയുള്ള പരാമര്‍ശം നടത്തിയത്. നായര്‍-ഈഴവ ഐക്യം സതീശനെതിരായ യുദ്ധപ്രഖ്യാപനത്തിനുള്ള ഐക്യകാഹളമാണെന്ന രീതിയില്‍ വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതോടെ നായര്‍ -ഈഴവ ഐക്യം സതീശനെതിരേയുള്ള യുദ്ധപ്രഖ്യാപനമല്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ പ്രഖ്യാപിത നിലപാടായ സമദൂരത്തില്‍ നിന്നും മാറ്റമില്ലെന്നും എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി. എന്നാല്‍ ഇന്നലെയും വെള്ളാപ്പള്ളി നടേശന്‍ സോഷ്യല്‍ മീഡിയായിലൂടെ സതീശനെ വിമര്‍ശിച്ചു.
മാത്രമല്ല മൂന്നാമതും പിണറായി വിജയന്‍ സര്‍ക്കാരാണ് കേരള ഭരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് തന്റെ രാഷ്‌ട്രീയ നിലപാട് വ്യക്‌തമാക്കുകയും ചെയ്‌തു.സതീശനെതിരേ സമുദായ നേതാക്കള്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുമെന്ന് സി.പി.എം നേതൃത്വം പ്രതീക്ഷിച്ചിരുന്നു.
മാത്രമല്ല സതീശനെ ഒറ്റപ്പെടുത്തുമെന്നും കണക്കൂട്ടിയിരുന്നു.എന്നാല്‍ സതീശന്റെ വര്‍ഗീയതയ്‌ക്കെതിരേയുള്ള നിലപാട് പാര്‍ട്ടിയുടെ നിലപാടാണന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്‌തമാക്കിയതോടെയാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ പൊളിഞ്ഞത്.സമുദായ നേതാക്കള്‍ എത്ര പ്രകോപിപ്പിച്ചാലും മറുപടി വേണ്ടന്നും കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുക്കുകയും ചെയ്‌തു.
ഷാലു മാത്യു