-->
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരേ സി.പി.എം സ്വീകരിക്കുന്ന പുതിയനിലപാടുകള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി മുന്‍ സംസ്‌ഥാന അധ്യക്ഷനുമായ വി. മുരളീധരന്‍.
സ്വര്‍ണം കൊള്ളയടിച്ച സി.പി.എം-കോണ്‍ഗ്രസ് കുറുവാ സംഘത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.പത്മകുമാര്‍ ജയിലിലായിട്ട് 90 ദിവസം ആകുന്നു. എന്നിട്ടും നടപടിക്കു പാര്‍ട്ടി തയ്യാറല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയിട്ടും പിണറായി വിജയന്‍ പത്മകുമാറിനെ ചേര്‍ത്ത് പിടിക്കുകയാണ്. നടപടിയെടുത്താല്‍ പത്മകുമാര്‍ വാ തുറക്കും. പത്മകുമാര്‍ വാ തുറന്നാല്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഇതുവരെ ജയിലിലാകാത്ത മാര്‍കിസ്‌റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരും. അതിലൊരാള്‍
മുന്‍ മന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്‌ത വിവരം പുറലോകമറിഞ്ഞത് മൂന്ന് നാല് ദിവസം കഴിഞ്ഞാണ്. മുന്‍ മന്ത്രിയെ അന്വേഷണത്തിന് വിളിച്ചുവരുത്തുന്നത് ആരും അറിയരുതെന്ന് ഉറപ്പ് വരുത്താന്‍ കഴിയുന്നവര്‍ എസ്.ഐ.ടിയിലുണ്ട്.
എസ്.ഐ.ടി ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണെങ്കിലും അതിലുള്ളത് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്‌ഥരാണ്. കേസ് സി.ബി.ഐക്ക് വിടണമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ചെമ്പഴന്തി ഉദയന്‍, പാപ്പനംകോട് സജി ,ദിവ്യ എസ് പ്രദീപ്, സുനില്‍, കഴക്കൂട്ടം അനില്‍, കരിക്കകം മണികണ്‌ഠന്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി