-->
കോഴിക്കോട്: തിരുവമ്പാടി നിയമസഭാ സീറ്റ് ഏറ്റെടുത്ത് മറ്റൊരു സീറ്റ് മുസ്ലിം ലീഗിനു നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ശക്‌തമായ എതിര്‍പ്പുമായി പ്രാദേശിക ലീഗ് നേതൃത്വം. സീറ്റ് വച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് ജില്ലാ നേതൃത്വവും വ്യക്‌തമാക്കി. അതേസമയം, വച്ചുമാറ്റ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നെന്ന് കോണ്‍ഗ്രസ് വക്‌താവിന്റെ വാക്കുകള്‍.
ഒരുകാലത്ത് മുസ്ലിം ലീഗിന്റെ ഉറച്ചസീറ്റായിരുന്നു തിരുവമ്പാടി. അടുത്ത കാലത്ത് ഇത് ലീഗിന് വിജയിക്കാനാവാത്ത സീറ്റായി മാറി. ഇത്തവണ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് സീറ്റില്‍ ലീഗിന് വിജയ പ്രതീക്ഷ ഏറിയത്.
കുടിയേറ്റമേഖലയാണ് മണ്ഡലം. ക്രൈസ്‌തവ വോട്ടര്‍മാര്‍ക്ക് കൂടി താല്‍പര്യമുള്ള ഒരാളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി മത്സരിക്കണമെന്നാണ് കത്തോലിക്കാ സഭയും കുടിയേറ്റ കര്‍ഷകരും താല്‍പര്യപ്പെടുന്നത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഇവിടെ ജനവിധി യു.ഡി.എഫിന് അനുകൂലമായിരുന്നു. ആറ് ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ യു.ഡി.എഫ് അധികാരത്തിലേറി. നാലെണ്ണത്തില്‍ വ്യക്‌തമായ ഭൂരിപക്ഷമുണ്ട്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലും മുക്കം മുനിസിപ്പാലിറ്റിയിലും മാത്രമാണ് എല്‍.ഡി.എഫ് അധികാരത്തിലുള്ളത്. വിമത കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയോടെ തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കുന്നു.
പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് തിരുവമ്പാടി നിയമസഭാ സീറ്റ്. എന്നാല്‍, രാഹുല്‍ഗാന്ധി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വേളയിലും തിരുവമ്പാടി സീറ്റില്‍ വിജയിച്ചത് സി.പി.എമ്മാണ്.
സി.ഒ.ടി. അസീസ്