-->
സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് രംഗത്ത്. കങ്കണ സംവിധാനം ചെയ്ത ' എമര്‍ജെന്‍സി' എന്ന സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ വിസമ്മതിച്ചുവെന്ന് നടി പറഞ്ഞു. തന്റെ സിനിമയെ പ്രൊപ്പഗണ്ട ചിത്രമെന്ന് വിളിച്ച എ.ആര്‍.റഹ്മാന്‍, തന്നെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
''പ്രിയപ്പെട്ട എ.ആർ റഹ്മാൻ ജി, കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതുകൊണ്ട് സിനിമാ മേഖലയിൽ പല മുൻവിധികൾക്കും വിവേചനങ്ങൾക്കും ഞാൻ പാത്രമായിട്ടുണ്ട്. പക്ഷേ നിങ്ങളേക്കാൾ കൂടുതൽ മുൻവിധിയും വെറുപ്പുമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഞാൻ സംവിധാനം ചെയ്ത ‘എമർജെൻസി’ എന്ന ചിത്രത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. കഥ കേൾക്കുകപോയിട്ട് എന്നെ കാണാൻ പോലും നിങ്ങൾ കൂട്ടാക്കിയില്ല. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു.
വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും ‘എമർജെൻസി’ ഒരു മാസ്റ്റർപീസ് ആണെന്ന് വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും സിനിമയെ അഭിനന്ദിച്ചുകൊണ്ട് എനിക്ക് കത്തുകൾ അയച്ചു. പക്ഷേ നിങ്ങൾ വെറുപ്പു കാരണം അന്ധനായിപ്പോയി. നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു'' , എന്നാണ് നടിയുടെ വാക്കുകള്‍.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഛാവ സിനിമയ്‌ക്കെതിരെ എ.ആര്‍.റഹ്മാന്‍ സംസാരിച്ചയോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ' ഛാവ' സിനിമ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സംഗീതത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും എ.ആര്‍.റഹ്മാന്‍ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയിരുന്നു.