-->
കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ മൂന്നുനോമ്പ് തിരുനാളിന് 25ന് കൊടിയേറും. 25ന് രാവിലെ 6.45ന് ആര്‍ച്ച്‌പ്രീസ്‌റ്റ് ഡോ. തോമസ് മേനാച്ചേരി കൊടിയേറ്റും. മാര്‍ത്തോമ്മാ നസ്രാണികളുടെ ശ്രേഷ്‌ഠപാരമ്പര്യമായ ബാവുസ നമസ്‌കാരം പുനരാരംഭിക്കുന്നുവെന്ന പ്രത്യേകത ഇത്തവണത്തെ തിരുനാള്‍ ആഘോഷത്തിനുണ്ട്. തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പകലോമറ്റം തറവാട് പള്ളിയില്‍ സഭൈക്യവാരത്തിന് തുടക്കമിട്ടു.
25ന് രാവിലെ 5.30, 6.45, 8.45, 11, 4.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. മൂന്നുനോമ്പ് തിരുനാളിന്റെ എല്ലാം ദിവസങ്ങളിലും രാവില 5.30 മുതല്‍ തിരുസ്വരൂപങ്ങള്‍ വണങ്ങി പ്രാര്‍ഥിക്കാന്‍ അവസരം ലഭിക്കും.
കപ്പല്‍ പ്രദക്ഷിണം 27ന്
യോനാപ്രവാചകന്റെ നിനവേയാത്രയുടെ സ്‌മരണകള്‍ ഉണര്‍ത്തുന്ന കപ്പല്‍പ്രദക്ഷിണം 27ന് ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കും. ഒരുമണിക്കൂര്‍ നീളുന്ന കപ്പലോട്ടം കടപ്പൂര്‍ കരക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
സുരക്ഷിതമായ കപ്പല്‍യാത്രയ്‌ക്ക് നന്ദി ചൊല്ലി മുത്തിയമ്മയ്‌ക്കരുകില്‍ വെച്ചൂട്ടും നടത്തിയാണ് കടപ്പൂര്‍ കരക്കാര്‍ മടങ്ങുന്നത്
നേര്‍ച്ചവിളമ്പാന്‍ കരകളും കുടുംബങ്ങളും
മൂന്ന് നോമ്പ് തിരുനാള്‍ പ്രത്യേക അവകാശങ്ങള്‍ പേറുന്ന കുടുംബങ്ങളും കരകളും അവകാശമായി ലഭിക്കുന്ന വിഭവങ്ങള്‍ ചേര്‍ത്ത് നേര്‍ച്ചയൊരുക്കി നന്ദി പറഞ്ഞാണ് മടങ്ങുന്നത്. തിങ്കളാഴ്‌ച കരോട്ടേക്കുന്നേല്‍ കുടൂംബക്കാരും ചൊവ്വാഴ്‌ച കടപ്പൂര്‍ കരക്കാരും ബുധനാഴ്‌ച കാളികാവ് കരക്കാരും നേര്‍ച്ചയൊരുക്കി വിളമ്പും. അവകാശമായി വാങ്ങുന്ന പണം നേര്‍ച്ചയായി സമര്‍പ്പിക്കും.
ബാവുസ പുനരാരംഭിച്ച ഈ വര്‍ഷം പള്ളിയോഗാംഗങ്ങളുടെ അവകാശമായി വ്യാഴാഴ്‌ച കൊടിയിറക്കിനെ തുടര്‍ന്ന് ബാവുസ നേര്‍ച്ചയും നല്‍കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ തിരുനാള്‍ കൊടിയിറക്കിനെ തുടര്‍ന്ന് വിപുലമായ തിരുനാള്‍ സദ്യനടത്തിയിരുന്നതിന്റെ ഓര്‍മകള്‍ അയവിറക്കിയാണു ബാവുസ നേര്‍ച്ചവിതരണം ക്രമീകരിച്ചിട്ടുള്ളത്.