-->
ലൈംഗിക ആക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം കേരളത്തിലൊന്നടങ്കം ചർച്ചയായി മാറിയിരിക്കുകയാണ്. കോഴിക്കോട് മീഞ്ചന്ത ഗോവിന്ദപുരത്തെ ദീപക് ആണ് മരിച്ചത്. വീഡിയോ പ്രചരിപ്പിച്ച സ്ത്രീക്കെതിരെ പ്രതിഷേധം ശക്തമായി. ഈ വ്യക്തി തെറ്റായൊന്നും ചെയ്യുന്നത് വീഡിയോയില്‍ കാണുന്നില്ലല്ലോ എന്നാണ് പലരും വീഡിയോ കണ്ടശേഷം പ്രതികരിച്ചിരിക്കുന്നത്.
ഈ സംഭവത്തില്‍ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും.പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു എന്നാണ് വീഡിയോ പങ്കിട്ട് ഭാഗ്യലക്ഷ്മി ആദ്യം കുറിച്ചത്.
ഇപ്പോഴിതാ അതിനു പിന്നാലെ ഈ സംഭവത്തിലുള്ള തന്റെ മനോവേദന പങ്കിടുകയാണ് ഭാഗ്യലക്ഷ്മി. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധിക്ക് നീതി കിട്ടണമെന്നും ഇതില്‍ ഒന്നു പോലും നഷ്ടമായാല്‍ അത് നീതിയല്ലെന്നുമാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.
‘‘ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതില്‍ ഒന്നു പോലും നഷ്ടമായാല്‍ അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണ്...’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.
‘‘ഒരാളുടെ നിരപരാധിത്തം തെളിയിക്കാൻ/വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു.
അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്.
അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്.
വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി...’’ എന്നാണ് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നത്. ‘നിങ്ങളോട് ആദ്യമായി ഒരു ബഹുമാനം തോന്നുന്നു, ആരോട് പറയാൻ ആര് കേൾക്കാൻ നമ്മുടെ കേരളം ഒരു ഭ്രാന്താലയം ആയി മാറി കഴിഞ്ഞു സമനില തെറ്റിയെ പോലെയാണ് നമ്മുടെ സമൂഹത്തിലുള്ള പലരും പറയുന്നതും ചെയ്യുന്നതും, അയാള് മരണപ്പെട്ടത് കൊണ്ട്.. ഇന്ന് അയാളെ എല്ലാവരും സൂപ്പോർട്ട് ചെയുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.
ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.
എന്നാല്‍ യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചു.