-->
ബോളിവുഡ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് രാജ്കുമാര്‍ റാവു. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ളത്. ബോക്സോഫീസില്‍ കോടി ക്ലബ്ബുകള്‍ കടന്ന പല സൂപ്പര്‍ഹിറ്റ് സിനിമകളിലും രാജ്കുമാര്‍ റാവു നായകനായി തിളങ്ങിയിട്ടുണ്ട്.
താരത്തിന്റെ പത്നിയും ബോളിവുഡ് താരവുമാണ് പത്രലേഖ. 2014-ല്‍ സിറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച പത്രലേഖ, അതില്‍ രാജ് കുമാര്‍ റാവുവിന്റെ നായികയായിട്ടായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീടിങ്ങോട്ട് മികച്ച സിനിമകളിലൂടെയും വെബ് സീരിസുകളിലുടെയുമാണ് പത്രലേഖ ശ്രദ്ധിക്കപ്പെട്ടത്.
സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. ഒരു ദശാബ്ദക്കാലത്തിലേറെയായി പ്രണയത്തിലായിരുന്ന രാജ്കുമാറും പത്രലേഖയും 2021 നവംബര്‍ 15 നാണ് വിവാഹിതരായത്. കഴിഞ്ഞ വർഷം ഇവര്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ മകള്‍ക്ക് നല്‍കിയ പേര് പങ്കിടുകയാണ് രാജ്കുമാര്‍ റാവുവും പത്രലേഖയും. പാർവതി പോൾ റാവു എന്നാണ് മകളുടെ പേരെന്ന് കുറിച്ചിരിക്കുന്നത് മകളുടെ കുഞ്ഞിളം കൈകളുടെ ചിത്രം പങ്കിട്ടാണ്.
‘‘കൂപ്പുകൈകളോടെയും നിറഞ്ഞ ഹൃദയങ്ങളോടെയും, ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തെ ഞങ്ങൾ പരിചയപ്പെടുത്തുന്നു...പാർവതി പോൾ റാവു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരദമ്പതിമാര്‍ മകളുടെ പേര് പങ്കിട്ടിരിക്കുന്നത്. തങ്ങളുടെ കൈക്കുള്ളില്‍ മകളുടെ കുഞ്ഞു വിരലുകൾ വച്ചാണ് താരദമ്പതിമാര്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും സ്നേഹവും ആശംസകളും പങ്കുവച്ചിട്ടുണ്ട്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതിമാര്‍ കൂടിയാണിവര്‍. രാജ്കുമാര്‍ റാവു അടുത്തതായി ‘ടോസ്റ്ററി’ലാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ സന്യ മൽഹോത്രയാണ് നായിക. 2026-ൽ അവിനാശ് അരുൺ സംവിധാനം ചെയ്യുന്ന ഒരു കോര്‍ട്ട്റൂം ഡ്രാമാ ബയോപിക്കിൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം എന്ന കഥാപാത്രത്തിനായും രാജ് തയ്യാറെടുക്കുകയാണ്. അമ്മയായ ശേഷം തല്‍കാലം കരിയറില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് പത്രലേഖ.