-->
തിരുവനന്തപുരം/ആലപ്പുഴ: എന്‍.എസ്.എസ്.- എസ്.എന്‍.ഡി.പി. യോഗം സഹകരണം സി.പി.എം. സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമല്ലെന്ന് മന്ത്രി സജി ചെറിയാന്‍.സാമുദായിക നേതാക്കള്‍ ബോധമുള്ളവരാണെന്നും ഏത് സമയം എങ്ങനെ ഇടപെടണമെന്നു ധാരണയുള്ളവരാണ് വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും മുസ്ലിം ലീഗിനേയും അദ്ദേഹം കടന്നാക്രമിച്ചു.
' ലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്‌ട്രീയമാണ്, മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാല്‍ മതി. മുസ്ലിം ലീഗ് ഉയര്‍ത്തുന്ന ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. ഒരു വശത്ത് ആര്‍.എസ്.എസും മറു വശത്ത് മുസ്‌ലിം ലീഗും വര്‍ഗീയത പടര്‍ത്തുന്നു. '-സജി ചെറിയാന്‍ പറഞ്ഞു. ' അസുഖമായി കിടന്നപ്പോഴാണ് എന്‍.എസ്.എസ്. ജനറന്‍ സെക്രട്ടറിയെ കാണാന്‍ പോയതെന്നു സതീശന്‍ പറഞ്ഞ വേദി ഉചിതമായില്ല. വിദ്വേഷ പ്രസംഗം നടത്തി കൈയടി നേടാനാണ് ശ്രമിക്കുന്നത്. സതീശന്‍ പ്രസ്‌താവന പിന്‍വലിച്ച് മാപ്പു പറയണം. ചേരിതിരിവ് ഉണ്ടാക്കുന്ന അപകടകരമായ അഭിപ്രായങ്ങള്‍ ആരും പറയരുത്.'- സജി ചെറിയാന്‍ പറഞ്ഞു.
മത സൗഹാര്‍ദം തകര്‍ത്ത് വോട്ട് നേടാനാണ് സതീശന്റെ ശ്രമം. കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസാണ്. വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ വിവാദം കാണേണ്ട. പ്രായമായ ഒരാള്‍ കാറില്‍ കയറുമ്പോള്‍ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോ? ഒരു വശത്ത് ആര്‍.എസ്.എസും മറു വശത്ത് മുസ്‌ലിം ലീഗും വര്‍ഗീയത പടര്‍ത്തുന്നു.'-സജി ചെറിയാന്‍ പറഞ്ഞു.