Saturday, March 14, 2026 Last Updated 29 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

കലാപൂരം കൊടിയിറങ്ങി; കനകകിരീടം കണ്ണൂരിന്‌

uploads/news/2026/01/821515/k5.jpg

തൃശൂര്‍: സാംസ്‌കാരിക നഗരി നെഞ്ചേറ്റിയ കൗമാര കലകളുടെ പൂരത്തിന്‌ കൊടിയിറക്കം. കലോത്സവ വിജയികള്‍ക്കുള്ള 117 പവന്റെ സ്വര്‍ണക്കപ്പ്‌ തൂക്കി കണ്ണൂര്‍. അഞ്ചുദിവസം നീണ്ട കലകളുടെ മഹോത്സവത്തിനുശേഷം കലാകൗമാരം വടക്കുംനാഥന്റെ തിരുമുറ്റത്ത്‌ ഉപചാരം ചൊല്ലി പിരിഞ്ഞു;അടുത്ത വര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ.
1028 പോയിന്റുമായാണ്‌ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള കിരീടത്തില്‍ കണ്ണൂര്‍ മുത്തമിട്ടത്‌. കഴിഞ്ഞവര്‍ഷം കപ്പടിച്ച ആതിഥേയരായ തൃശൂരിന്‌ 1023 പോയിന്റോടെ രണ്ടാംസ്‌ഥാനംകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. 1017 പോയിന്റ്‌ നേടിയ കോഴിക്കോടിനാണു മൂന്നാം സ്‌ഥാനം.
കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍ പോയിന്റ്‌ നില മാറി മറിഞ്ഞിരുന്നു. എന്നാല്‍, ഒരിക്കല്‍പോലും ലീഡ്‌ നില വിട്ടുകൊടുക്കാതെയാണ്‌ കഴിഞ്ഞ വര്‍ഷം നഷ്‌ടമായ കിരീടം കണ്ണൂര്‍ തിരിച്ചു പിടിച്ചത്‌.
സ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി.എസ്‌.എസ്‌. ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 208 പോയിന്റോടെ കിരീടംചൂടി. പത്തനംതിട്ട, സൗത്ത്‌ കിടങ്ങന്നൂര്‍ എസ്‌.വി.ജി.വി.എച്ച്‌.എസ്‌ . (157 പോയിന്റ്‌) രണ്ടാം സ്‌ഥാനത്തും മാനന്തവാടി എം.ജി.എം.എച്ച്‌.എസ്‌.എസ്‌ 136 പോയിന്റോടെ മൂന്നാം സ്‌ഥാനത്തുമെത്തി.
മന്ത്രി വി. ശിവന്‍കുട്ടിയും മുഖ്യാതിഥിയായ നടന്‍ മോഹന്‍ലാലും ചേര്‍ന്ന്‌ കണ്ണൂരിനു സ്വര്‍ണക്കപ്പ്‌ സമ്മാനിച്ചു. സമാപന സമ്മേളനം പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ തങ്ങളിലെ കലയെ യുവജനോത്സവ വേദികളിലേക്കു മാത്രമായി ചുരുക്കരുതെന്നു മോഹന്‍ലാല്‍ പറഞ്ഞു. മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, എം.എല്‍.എമാരായ പി.ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.
എച്ച്‌.എസ്‌.എസ്‌. ജനറല്‍ വിഭാഗത്തില്‍ ബി.എസ്‌.എസ്‌.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലത്തൂര്‍, പാലക്കാട്‌ 110 പോയിന്റുമായി ഒന്നാം സ്‌ഥാനത്തെത്തി. എന്‍.എസ്‌. ബോയ്‌സ് എച്ച്‌.എസ്‌.എസ്‌. മാന്നാര്‍, ആലപ്പുഴ (95 പോയിന്റ്‌) രണ്ടാമതും എസ്‌.വി.ജി.വി.എച്ച്‌.എസ്‌.എസ്‌. കിടങ്ങന്നൂര്‍, പത്തനംതിട്ട (79 പോയിന്റ്‌) മൂന്നാമതുമെത്തി.
എച്ച്‌.എസ്‌.എസ്‌. ജനറല്‍ വിഭാഗത്തില്‍ പാലക്കാട്‌ (539), കോഴിക്കോട്‌ (538) ജില്ലകള്‍ ഒന്നും രണ്ടും സ്‌ഥാനത്തെത്തിയപ്പോള്‍ മികച്ച മൂന്നാമത്തെ ജില്ലയ്‌ക്കുള്ള പുരസ്‌കാരം തൃശൂരും കണ്ണൂരും പങ്കിട്ടു.
534 പോയിന്റാണ്‌ ഈ ജില്ലകള്‍ക്കുള്ളത്‌. അറബിക്‌ കലോത്സവത്തില്‍ സ്‌കൂളുകള്‍ക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ മുസ്ലിം ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌. ഈരാറ്റുപേട്ട, കോട്ടയം (56) നേടി. ഗവ. എച്ച്‌.എസ്‌.എസ്‌. കല്ലാര്‍, ഇടുക്കി (50) രണ്ടാം സ്‌ഥാനവും പി.എസ്‌.വി പി.എം. എച്ച്‌.എസ്‌.എസ്‌. ഐരവണ്‍ കോന്നി, പത്തനംതിട്ട (49) മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.
അറബിക്‌ കലോത്സവത്തില്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ ജില്ലയ്‌ക്കുള്ള പുരസ്‌കാരം 95 പോയിന്റുമായി കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, കാസര്‍ഗോഡ്‌, കോഴിക്കോട്‌, തിരുവനന്തപുരം, വയനാട്‌, കണ്ണൂര്‍ എന്നിവ പങ്കിട്ടു. രണ്ടാം സ്‌ഥാനം മലപ്പുറത്തിനാണ്‌;93 പോയിന്റ്‌. കോട്ടയം, ആലപ്പുഴ (91) ജില്ലകള്‍ മൂന്നാം സ്‌ഥാനം പങ്കിട്ടു. സംസ്‌കൃതോത്സവത്തില്‍ ഇടുക്കി ജില്ലയിലെ എം.എം.എച്ച്‌.എസ്‌. നരിയംപാറയ്‌ക്കാണ്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌. 48 പോയിന്റാണ്‌ സ്‌കൂള്‍ നേടിയത്‌. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ഡി.വി.വി.എച്ച്‌.എസ്‌.എസ്‌. 33 പോയിന്റുമായി രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി.
മികച്ച മൂന്നാമത്തെ സ്‌കൂളായി 30 പോയിന്റോടെ ദുര്‍ഗ എച്ച്‌.എസ്‌.എസ്‌. കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌, അസംപ്‌ഷന്‍ എച്ച്‌.എസ്‌. ബത്തേരി, വയനാട്‌, വിദ്യാധിരാജ വിദ്യാ ഭവന്‍ ഇ.എം.എച്ച്‌.എസ്‌. ആലുവ,എറണാകുളം, ബി.എസ്‌.എസ്‌ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലത്തൂര്‍, പാലക്കാട്‌, ഗവ. ഗേള്‍സ്‌ എച്ച്‌.എസ്‌.എസ്‌. കോട്ടണ്‍ഹില്‍, തിരുവനന്തപുരം എന്നീ സ്‌കൂളുകള്‍ പങ്കിട്ടു.
എറണാകുളം, കോഴിക്കോട്‌, മലപ്പുറം, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, പാലക്കാട്‌ ജില്ലകള്‍ക്കാണ്‌ സംസ്‌കൃതോത്സവം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌. 95 പോയിന്റ്‌ ഈ ജില്ലകള്‍ കരസ്‌ഥമാക്കി. കാസര്‍ഗോഡ്‌, തിരുവനന്തപുരം, തൃശൂര്‍ (93) രണ്ടാം സ്‌ഥാനവും ആലപ്പുഴ, കോട്ടയം (91) ജില്ലകള്‍ മൂന്നാം സ്‌ഥാനവും നേടി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW