-->
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള നടന്നതായി സ്‌ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നെന്നു വി.എസ്.എസ്.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടെന്നാണ് ശാസ്‌ത്രീയ പരിശോധനയില്‍ സ്‌ഥിരീകരിച്ചിരിക്കുന്നത്. പാളികളുടെ ഭാരത്തിലും വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ്വാരപാലക കട്ടിളപ്പാളികളിലാണു സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ടു കുറയുന്ന തൂക്കമെത്രയെന്നു പരിശോധിച്ചു വരികയാണ്. ശാസ്‌ത്രീയ പരിശോധന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
രാജ്യത്ത് ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരം വി.എസ്‌എസ്‌സി ലാബില്‍ മാത്രമാണു ഈ പരിശോധനാ സംവിധാനമുള്ളത്. ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്‌തി വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവും നിലവിലുള്ള സ്വര്‍ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങള്‍ വ്യക്‌തമാവും.