-->
കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഒപ്പം തമ്മിലുള്ള ആരോഗ്യകരമായ മത്സരബുദ്ധിയുമാണ് കേരളം വളരെ കാലമായി വ്യവസായ സൗഹൃദ സൂചികയില്‍ മുന്നില്‍ തന്നെ നില്‍ക്കുന്നതിന് വഴി വെച്ചതെന്ന് മന്ത്രി എം.ബി. രാജേഷ്. കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്പോയില്‍ അടിസ്‌ഥാന തലത്തില്‍ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിര്‍വ്വഹണവും ഭരണവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യ, നിയമം, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രദര്‍ശനം കാണുന്നതിന് എക്‌സ്പോ വേദിയില്‍ എത്തി. എക്‌സ്പോയിലെ സ്‌റ്റാളുകള്‍ എല്ലാം വിശദമായി കണ്ട് വ്യവസായികളുമായി സംവദിച്ച് മന്ത്രി എക്‌സ്പോ സംഘടകരെ പ്രശംസിക്കുകയും ചെയ്‌തു. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ എടുത്തുകാണിക്കുന്ന മികച്ച പ്രദര്‍ശനമാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്പോ എന്നും സംരംഭകര്‍ക്ക് വളര്‍ച്ച നേടുന്നതിനുള്ള വഴിയും ഇവിടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്പോ ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള പതിനായിരത്തിലധികം കെഎസ്‌എസ്‌ഐഎ അംഗങ്ങളായ വ്യവസായികള്‍ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.
ജില്ലാ കളക്‌ടര്‍ ജി. പ്രിയങ്ക, വ്യവസായ ഡയറക്‌ടറേറ്റ് അഡീഷണല്‍ ഡയറക്‌ടര്‍മാരായ സി.എസ്. സിമി, ജി.രാജീവ്, വ്യവസായ വകുപ്പ് ഡയറക്‌ടറും കെഎസ്‌ഐഡിസി മാനേജിങ് ഡയറക്‌ടറുമായ പി.വിഷ്‌ണുരാജും എക്‌സ്പോ സന്ദര്‍ശിച്ചു. എക്‌സ്പോയില്‍ നടന്ന മീഡിയ കോണ്‍ക്ലേവില്‍ കേരളത്തിലെ വ്യാവസായിക മേഖലയുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ വലിയ പങ്ക് ചര്‍ച്ചയായി.