-->
ശബരിമല: പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണവര്‍മയ്‌ക്കും സംഘത്തിനും സന്നിധാനത്ത് ഉപചാരപൂര്‍വം വരവേല്‍പ്പ്. തലപ്പാറമല, ഉടുമ്പാറമല എന്നിവയുടെ കൊടിയും വാദ്യോപകരണങ്ങളുമായി അയ്യപ്പസ്വാമിയുടെ പിതൃസ്‌ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് പേട്ട തുള്ളല്‍ സംഘവും തിരുവാഭരണ പേടക വാഹക സംഘവും സ്വീകരിക്കാനെത്തി. രാജപ്രതിനിധിയെ പതിനെട്ടാം പടിക്കു താഴെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി മാലയിട്ട് ആനയിച്ചു. പതിനെട്ട് പടി കയറി ഭഗവാനെ തൊഴുതു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നാളെ കളഭാഭിഷേകവും 19 നു ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കും. 20 നു രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം രാവിലെ 6.30 നു ശബരിമല നടയടയ്‌ക്കും. നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്കു മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കു കൈമാറുകയും മാസപൂജ ചെലവിനായി പണക്കിഴിയും നല്‍കി പന്തളം കൊട്ടാരത്തിലേക്കു യാത്രയാകും.