-->
തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. വിചാരണയ്‌ക്കിടെ പ്രധാന സാക്ഷികള്‍ മരണമടയുകയും മറ്റു സാക്ഷികള്‍ കൂറുമാറുകയും ചെയ്‌തിരുന്നു. അനില്‍കുമാര്‍, രാജേന്ദ്രന്‍, ശോഭാ ജോണ്‍, രതീഷ്, ചന്ദ്രബോസ്, സാജു, വിമല്‍, രാധാകൃഷ്‌ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2009 ഓഗസ്‌റ്റിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ജാമ്യവ്യവസ്‌ഥ പാലിക്കുന്നതിനായി സിറ്റി പോലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരായി രജിസ്‌റ്ററില്‍ ഒപ്പിട്ടു പുറത്തിറങ്ങിയ വിനീഷിനെ ഗുണ്ടാസംഘം ആല്‍ത്തറ ജങ്‌ഷനില്‍ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ശോഭാ ജോണ്‍ നടത്തിവന്ന നിയമവിരുദ്ധ ബിസിനസുകളില്‍നിന്നു ഗുണ്ടാപിരിവ് ആവശ്യപ്പെട്ടതും ശോഭയുടെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കുവഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് കൊലയ്‌ക്ക് കാരണമെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ വാദം. എന്നാല്‍, ഈ ആരോപണങ്ങള്‍ കോടതി മുമ്പാകെ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. കേരളത്തില്‍ ഗുണ്ടാ നിയമപ്രകാരം അറസ്‌റ്റിലായ ആദ്യ വനിതാ കുറ്റവാളിയായിരുന്നു ശോഭാ ജോണ്‍. ആല്‍ത്തറ വിനീഷ് വധക്കേസ്, വരാപ്പുഴ പെണ്‍വാണിഭം,തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി ഗുരുതര കേസുകള്‍ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ശോഭാ ജോണിനെതിരേ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പെണ്‍വാണിഭം, ബ്ലാക്ക്‌മെയില്‍ വഴി പണംതട്ടല്‍, ബ്ലേഡ് മാഫിയ വഴിയുള്ള കൊള്ളപ്പലിശ, ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ ഭീഷണിപ്പെടുത്തല്‍ എന്നിവ ശോഭയുടെ സ്‌ഥിരം പ്രവര്‍ത്തനങ്ങളായിരുന്നുവെന്നാണ് പോലീസ് ആരോപണം. ശബരിമല തന്ത്രിയായിരുന്ന കണ്‌ഠര് മോഹനര് ഉള്‍പ്പെട്ട ബ്ലാക്ക്‌മെയില്‍ കേസിലും വനിതാ ശോഭാ ജോണ്‍ പ്രതിയായിരുന്നു.