Sunday, March 15, 2026 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
സി.ഒ.ടി. അസീസ്
Saturday 17 Jan 2026 10.53 AM

2001 നുശേഷം ഒരു സ്‌ഥാനാര്‍ഥിയെപ്പോലും നിയമസഭയിലേക്കു ജയിപ്പിക്കാനായില്ല; കോഴിക്കോട്‌ പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമം

കോഴിക്കോടും വടകരയും. രണ്ടിടത്തും കഴിഞ്ഞ മൂന്നു പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികള്‍ ജയിച്ചു. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ എം.എല്‍.എയെപ്പോലും ഈ കാലയളവില്‍ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
kerala

കോഴിക്കോട്‌ : കോഴിക്കോട്‌ ജില്ലയില്‍നിന്ന്‌ 2001 നുശേഷം ഒരു സ്‌ഥാനാര്‍ഥിയെപ്പോലും നിയമസഭയിലേക്കു ജയിപ്പിക്കാനാകാത്ത വിഷമത്തിലാണു കോണ്‍ഗ്രസ്‌. ജില്ലയില്‍ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്‌. കോഴിക്കോടും വടകരയും. രണ്ടിടത്തും കഴിഞ്ഞ മൂന്നു പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികള്‍ ജയിച്ചു. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ എം.എല്‍.എയെപ്പോലും ഈ കാലയളവില്‍ ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമുണ്ടാക്കാനുള്ള തീവ്ര യത്‌നത്തിലാണു യു.ഡി.എഫ്‌ നേതൃത്വം.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള എം.കെ. രാഘവനാണ്‌ 2024 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോഴിക്കോടു നിന്നു ജയിച്ച കോണ്‍ഗ്രസുകാരന്‍. സി.പി.എമ്മിലെ എളമരം കരീമിനെയാണ്‌ വന്‍ മാര്‍ജിനില്‍ അദ്ദേഹം തോല്‍പ്പിച്ചത്‌. വടകര ലോക്‌സഭാ മണ്ഡലത്തില്‍ പാലക്കാടു നിന്നെത്തിയ കോണ്‍ഗ്രസിലെ പുതുമുഖ സ്‌ഥാനാര്‍ഥി ഷാഫി പറമ്പിലാണു ജയിച്ചത്‌. കേരളത്തില്‍ സി.പി.എമ്മിന്‌ അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച സ്‌ഥാനാര്‍ഥി കെ.കെ. ശൈലജ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഷാഫി അടിയറവ്‌ പറയിച്ചത്‌.

കഴിഞ്ഞമാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കോഴിക്കോട്‌ ജില്ലയില്‍ യു.ഡി.എഫ്‌ മികച്ച ആധിപത്യം വ്യക്‌തമാക്കി. കോഴിക്കോട്‌ നോര്‍ത്ത്‌, എലത്തൂര്‍, ബേപ്പൂര്‍ സീറ്റുകളില്‍ മാത്രമേ എല്‍.ഡി.എഫിനു ലീഡുണ്ടായിരുന്നള്ളു. അതും അയ്യായിരവും അതില്‍ താഴെയും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കഴിഞ്ഞകാല ഫലങ്ങള്‍ യു.ഡി.എഫിന്‌ തിരിച്ചടിയായിരുന്നു. 2021 ല്‍ ലീഗ്‌ ജയിച്ച കൊടുവള്ളിയും ആര്‍.എം.പിയുടെ വടകരയുമാണ്‌ മുന്നണിക്ക്‌ ആശ്വാസമായത്‌.

ലോക്‌സഭയിലേക്ക്‌ ഭൂരിപക്ഷം കൂട്ടി ജയിക്കുമ്പോഴും നിയമസഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ സമാഹരിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ കഴിഞ്ഞിരുന്നില്ല. അവിടെനിന്നാണ്‌ ഇത്തവണ ജില്ലാ പഞ്ചായത്ത്‌ പിടിച്ചെടുത്തതും ഗ്രാമപഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കിയതും. നാമമാത്രമായ സീറ്റുകള്‍ക്കാണു കോര്‍പ്പറേഷന്‍ ഭരണം കൈവിട്ടുപോയത്‌. എല്‍.ഡി.എഫിനു സീറ്റുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിഭാഗത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ നേട്ടമുണ്ടാക്കാനായി. പേരാമ്പ്ര പോലുള്ള ഇടതുകോട്ടകളില്‍ മേല്‍ക്കൈ നേടാനായത്‌ ജില്ലയിലെ യു.ഡി.എഫ്‌ മുന്നേറ്റത്തിനു തെളിവാണ്‌. നാദാപുരത്തേയും ബേപ്പൂരിലേയും ന്യൂനപക്ഷ വോട്ടുകള്‍ അടുപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും ഏറെക്കുറെ വിജയിച്ചു.

കഴിഞ്ഞതവണ ജില്ലയില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചത്‌ അഞ്ച്‌ സീറ്റുകളിലാണ്‌. ഇത്തവണ ആറു സീറ്റില്‍ മത്സരിക്കും. എലത്തൂര്‍ ഘടകകക്ഷികള്‍ക്കു നല്‍കുന്നതിനു പകരം പാര്‍ട്ടി സ്‌ഥാനാര്‍ഥിയെത്തന്നെ നിര്‍ത്താനാണു കോണ്‍ഗ്രസ്‌ തീരുമാനം. ലീഗിന്റേയും ആര്‍.എം.പിയുടെയും സീറ്റുകള്‍ക്കു പുറമേ പാര്‍ട്ടിക്ക്‌ ജില്ലയില്‍നിന്ന്‌ ആറ്‌ എം.എല്‍.എമാരെയെങ്കിലുമുണ്ടാക്കാനാണ്‌ കോണ്‍ഗ്രസ്‌ പദ്ധതി. ആര്‍.എം.പി വടകരയ്‌ക്കു പുറമേ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യമുന്നയിക്കുന്നുണ്ട്‌. നാദാപുരത്തിലാണ്‌ അവരുടെ കണ്ണ്‌. കെ.കെ. രമയ്‌ക്കു പുറമേ പാര്‍ട്ടി സെക്രട്ടറി വേണുവിനെക്കൂടി മത്സരിപ്പിക്കാനാണ്‌ ഉദ്ദേശ്യം. മുതിര്‍ന്ന നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്‌. അല്ലെങ്കില്‍ നാദാപുരത്തായിരിക്കും അദ്ദേഹം രംഗത്തിറങ്ങുക.

കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പി. ശങ്കരനും അഡ്വ. കുട്ട്യാലിയും നേരത്തെ വിജയിച്ചിട്ടുണ്ട്‌. ജില്ലയിലെ തിരുവമ്പാടി സീറ്റ്‌ നിലനിര്‍ത്താനും യു.ഡി.എഫ്‌ തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. ലീഗിന്‌ മറ്റേതെങ്കിലും സീറ്റുനല്‍കി തിരുവമ്പാടി കോണ്‍ഗ്രസ്‌ ഏറ്റെടുത്ത്‌ മലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ വി.എസ്‌. ജോയിയെ മത്സരിപ്പിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിക്കപ്പെട്ടതിനു പരിഹാരമാവും. ജില്ലയിലെ ചുകന്ന കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലമാണ്‌ പേരാമ്പ്ര. ഷാഫി ഇഫക്‌ടില്‍ പേരാമ്പ്രയുടെ സമീപ പഞ്ചായത്തുകളെല്ലാം ഇത്തവണ യു.ഡി.എഫ്‌ പിടിച്ചെടുത്തു. മൂന്നും നാലും ദശകങ്ങള്‍ക്കുശേഷം ആദ്യമായി ഭരണം പിടിച്ച പഞ്ചായത്തുകള്‍ പോലുമുണ്ട്‌ കൂട്ടത്തില്‍. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ്‌ പേരാമ്പ്രയില്‍ മത്സരിക്കണമെന്ന്‌ അവകാശവാദമുന്നയിച്ചതു ശ്രദ്ധേയമാണ്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW