-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര് രാജീവരുടെ അറസ്‌റ്റിനെ ചോദ്യംചെയ്‌ത് യോഗക്ഷേമസഭയും തന്ത്രിസമാജവും. സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) തന്ത്രിയെ അറസ്‌റ്റ് ചെയ്‌തതു ബ്രാഹ്‌്മണ സമൂഹത്തെയും തന്ത്രിമാരെയും അടച്ചാക്ഷേപിക്കുന്നതിനാണെന്നും അവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തന്ത്രിയുടെ അറസ്‌റ്റിനുശേഷം ബ്രാഹ്‌മണര്‍ വലിയ അവഹേളനം നേരിടുന്നതായും അവര്‍ പറഞ്ഞു.
'വാജി വാഹനം തന്ത്രി കളവായി കൊണ്ടുപോയതല്ല. അതു തന്ത്രിക്കു കൈമാറിയതു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. ഈ വാജി വാഹനം തന്ത്രിയുടെ വീട്ടില്‍നിന്നു റെയ്‌ഡ് ചെയ്‌തു പിടിക്കുകയും അതിനെ തൊണ്ടിമുതലെന്നു ചിത്രീകരിക്കുകയും ചെയ്‌തതു തെറ്റായ നടപടിയായി. തന്ത്ര സമുച്ചയത്തിലെ വ്യവസ്‌ഥകള്‍ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. വാജി വാഹനം മോഷണം പോയതാണെന്ന് ആരും ഇതുവരെ പരാതിപോലും നല്‍കിയിട്ടില്ല. ക്ഷേത്രം തന്ത്രിമാര്‍ ഇത്തരം ബിംബങ്ങള്‍ കട്ടുകൊണ്ടു പോകുകയാണെന്നു സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാജ പ്രചാരണമാണ് നടന്നുവരുന്നത്. സ്വര്‍ണക്കടത്തിനു പിന്നിലെ യഥാര്‍ഥ ശക്‌തികളെ കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടത്. അതിനു പകരം തന്ത്രിയെ ജയിലിലടച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കുകയാണ്'- അവര്‍ ചൂണ്ടിക്കാട്ടി. യോഗക്ഷേമസഭ പ്രസിഡന്റ് അഡ്വ.പി.എന്‍.ഡി. നമ്പൂതിരി, രാധാകൃഷ്‌ണന്‍ പുന്നശേരി, തന്ത്രി സമാജം മുന്‍ സംസ്‌ഥാന പ്രസിഡന്റ് അഡ്വ. ഈശാനന്‍ നമ്പൂതിരി, പരമേശ്വരന്‍ ഭട്ടതിരിപ്പാട്, രാധാകൃഷ്‌ണന്‍ പോറ്റി, എസ്.പി. ശ്രീനിവാസന്‍ പോറ്റി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.