-->
കൊച്ചി: അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുളള ചികിത്സാ മാനദണ്ഡങ്ങള്‍ രാജ്യത്ത് ആദ്യമായി പുറപ്പെടുവിച്ചത് കേരളമെന്ന് ആരോഗ്യവകുപ്പിന്റെ അവകാശവാദം. സംസ്‌ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്‌ഥാപനങ്ങളിലെയും കിണറുകള്‍, ജലാശയങ്ങള്‍ എന്നിവ കേ്ലാറിനേറ്റ് ചെയ്യാനും ജല സംഭരണികള്‍ വൃത്തിയാക്കാനും കാമ്പയില്‍ സംഘടിപ്പിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയവയിലെ വെള്ളം പരിശോധിക്കുന്നതിനും കൃത്യമായി അണുനശീകരണം നടത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തന റെക്കോര്‍ഡുകള്‍ സൂക്ഷിക്കുവാനും നിര്‍ദേശം നല്‍കി.
രോഗികളുടെ സ്രവ പരിശോധന നടത്തുമ്പോള്‍ വെറ്റ് ഫിലിം പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗനിര്‍ണയ പ്രോട്ടോകോളില്‍ പ്രസ്‌തുത രോഗത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അവസ്‌ഥയില്‍ മില്‍റ്റിഫൊസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി. തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പി.സി.ആര്‍. പരിശോധന ലഭ്യമാക്കി. അമീബിക് മസ്‌തിഷ്‌ക ജ്വര രോഗബാധ തടയുന്നതിനായി പ്രതിരോധ നടപടികള്‍ ശക്‌തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ള ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിന്റെ മറുപടി ക്കത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
2024 ജൂലൈയിലാണ് സംസ്‌ഥാനത്ത് രോഗബാധ കൂടുതലായി ഉണ്ടായത്. ഉടന്‍തന്നെ ഇന്ത്യയില്‍ ആദ്യമായി സംസ്‌ഥാന സര്‍ക്കാര്‍ അമീബിക് മസ്‌തിഷ്‌കജ്വര രോഗത്തിന് ചികിത്സ മാനദണ്ഡങ്ങള്‍ ഉത്തരവായി പുറപ്പെടുവിച്ചു. ഇതില്‍ രോഗപ്രതിരോധം, രോഗനിരീക്ഷണം, പാരിസ്‌ഥിതിക നിരീക്ഷണം എന്നിവ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക് മതിയായ പരിചരണം ഉറപ്പാക്കുന്നതിന് പ്രാഥമിക ആരോഗ്യകേന്ദ്രം മുതലുള്ള ഡോക്‌ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്-ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നു.