-->
നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 37-ാം ഓര്‍മദിനത്തില്‍ കുറിപ്പ് പങ്കുവച്ച് സംഗീത സംവിധായകനും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. പ്രേം നസീര്‍ തനിക്ക് ആരായിരുന്നുവെന്നാണ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പ്രേം നസീറിനൊപ്പമുളള ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് :
ഓർമ്മദിനം..
* ആരാധകൻ (ഫാൻ ബോയ്) എന്ന നിലയിൽ ഇഷ്ടപ്പെട്ട് ഞാൻ അയച്ച കത്തിന് മറുപടിയായി കത്തും ഫോട്ടോയും അയച്ചുതന്ന നടൻ.
* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ച നായകനടൻ.
* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ തിരക്കഥകളിലെ നായകൻ.
* ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ.
* ഞാൻ ആദ്യമായി നിർമ്മിച്ച സിനിമയിലെ നായകൻ.
* സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസ്സവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ.
ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ..!
ആ ഓർമ്മകൾ എന്നും സജീവം...
1929 ഡിസംബര്‍ 16ന് ചിറയന്‍കീഴിലായിരുന്നു അബ്ദുല്‍ ഖാദര്‍ എന്ന പ്രേം നസീറിന്റെ ജനനം. 1925ല്‍ മരുമകള്‍ എന്ന സിനിമയിലൂടെയായിരുന്നു പ്രേം നസീറിന്റെ സിനിമാ രംഗത്തേക്കുളള അരങ്ങേറ്റം. 38 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 781 സിനിമകളില്‍ പ്രേം നസീര്‍ നായകനായി. തിക്കുറുശിയാണ് അദ്ദേഹത്തിന് പ്രേം നസീര്‍ എന്ന് നാമകരണം ചെയ്തത്.