-->
വണ്ടൂര്‍: കുറ്റിക്കാട്ടില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയ ഞെട്ടലിലാണ് വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടം ഗ്രാമം. ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്ന 14 കാരിയായി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് പിന്നില്‍ 16 കാരനായ ആണ്‍സുഹൃത്തായ വിദ്യാര്‍ത്ഥിയാണെന്ന് കുടി അറിഞ്ഞതോടെ ഗ്രാമം ഒന്നടങ്കം ഞെട്ടി. മുമ്പ് ശല്യം ചെയ്തിരുന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് മാതാവ് നല്‍കിയിരുന്ന സൂചനയാണ് ആണ്‍കുട്ടിയിലേക്ക് അന്വേഷണം എത്തിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനിടയില്‍ താന്‍ ഉടന്‍ വീട്ടിലേക്ക് വരുമെന്ന് പെണ്‍കുട്ടി വിളിച്ച ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തൊടികപ്പുലത്ത് എത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊടികപ്പുലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റെയില്‍വേ പുറമ്പോക്കില്‍ കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കൈകള്‍ കെട്ടിയ നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അടങ്ങിയ സ്‌കൂള്‍ബാഗും ചെരിപ്പും പരിസരത്ത് നിന്നു തന്നെ കണ്ടെത്തുകയും ചെയ്തു.
പ്രദേശത്തെ ഒരു വീട്ടില്‍ വെള്ളം ചോദിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥി എത്തിയ പിന്നാലെ പോലീസും എത്തി നിരീക്ഷണത്തിന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് തുടരെ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ സൂചനകള്‍ കിട്ടിയത്. ആദ്യം അന്വേഷണം വഴി തെറ്റിക്കുന്ന രീതിയില്‍ മൊഴി നല്‍കിയ കുട്ടി ഒടുവില്‍ കുറ്റം സമ്മതിച്ചു. കഴുത്തു ഞെരിച്ചാണോ കൊലപ്പെടുത്തിയത് എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ പറയുമെന്ന ഭീതിയും കൊലപാതകത്തിന് കാരണമായെന്നാണ് ആണ്‍കുട്ടി നല്‍കിയിട്ടുള്ള മൊഴിയിലെ വിവരം. അതേസമയം ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ കൃത്യം നടത്താനാകില്ലെന്നാണ് വീട്ടുകാരുടെ പരാതി.
അതേസമയം റെയില്‍വേ ട്രാക്കിന് സമീപത്തെ വിജനപ്രദേശത്ത് ഇവര്‍ എങ്ങിനെയാണ് ഇവിടെ എത്തിയതെന്ന വിവരം ഇപ്പോഴും സംശയാസ്പദമായി തുടരുകയാണ്. ട്രെയിനില്‍ വന്നിറങ്ങി പാളത്തിലൂടെ നടന്നെത്തിയതാകാമെന്നാണ് കരുതുന്നത്. പെണ്‍കുട്ടിയെ അപായപ്പെടുത്തിയതിന് കാരണം കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥിക്ക് ലഹരിസംഘവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുട്ടി വൈകിട്ട് തിരിച്ചെത്താതിരുന്നതോടെ അന്വേഷിച്ചപ്പോഴാണ് കുട്ടി സ്‌കൂളില്‍ ചെന്നിരുന്നില്ല എന്ന വിവരം പോലും അറിഞ്ഞത്. സ്‌കൂളിന്റെ ഗേറ്റ് വരെയെത്തിയ കുട്ടി പക്ഷേ ക്ലാസ്സില്‍ ചെന്നിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.