-->
ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ചിലതൊക്കെ കാണികളില്‍ വളരെയധികം കൗതുകം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. പല്ലിക്ക് കുര്‍ത്തി അണിയിച്ച് കൊടുക്കുന്നതാണ് ആ വീഡിയോ. നമ്മുടെ വീട്ടിലും പരിസരത്തുമെല്ലാം കാണുന്ന പല്ലിയെ തന്നെയാണ് ഉദ്ദേശിച്ചത്. ലോകത്ത് ആദ്യമായി പല്ലിക്ക് കുര്‍ത്തി തയ്ച്ചുകൊടുത്തത് ഒരു ഇന്ത്യക്കാരനാണ്.
തന്റെ വ്യത്യസ്തമായ ഈ ആശയം ഒരു വരുമാനമാര്‍ഗം ആക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ വീഡിയോ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് പലരുടെയും വാദം. ഷോക്ക് പിക്‌സല്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗന്ധര്‍വ് എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നോക്കൂ സുഹൃത്തുക്കളേ, ഇത് ഞാന്‍ തന്നെ ഉണ്ടാക്കിയ വസ്ത്രമാണ്. മനുഷ്യര്‍ക്ക് ആയിരക്കണക്കിന് ഡിസൈനുകള്‍ ലഭ്യമാണ്. പിന്നെന്തുകൊണ്ട് പല്ലികള്‍ക്ക് ആയിക്കൂടാ? നോക്കൂ, ഇത് ഇന്ത്യയിലെ ആദ്യത്തെ പല്ലികള്‍ക്കുള്ള വസ്ത്രമാണ്. ഇതിന് വെറും 20 രൂപയാണ് വില. ഇത് കാണാന്‍ ഭംഗിയില്ലേ?' ഗന്ധര്‍വ് വീഡിയോയിലൂടെ ചോദിച്ചു. വീഡിയോയില്‍ താന്‍ കൈകൊണ്ട് നിര്‍മിച്ച പല്ലിക്കുള്ള വസ്ത്രം അദ്ദേഹം കാണിക്കുന്നുമുണ്ട്. പിന്നാലെ ഒരു പല്ലി ഈ വസ്ത്രം ധരിച്ച് ചുവരിലൂടെ നീങ്ങുന്നതും കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളിട്ടിരിക്കുന്നത്. 'പല്ലി സാറിന് ഇനി എന്ത് വേണം' എന്നാണ് ഒരാള്‍ ചോദിച്ചത്. 'പല്ലി വസ്ത്രം നേപ്പാളിലേക്ക് അയച്ച് തരാമോയോ', 'എന്റെ കുഞ്ഞനുജത്തിക്ക് സമ്മാനമായി നല്‍കാനാണ്', 'പല്ലിയെ വസ്ത്രം ധരിപ്പിക്കുന്നതിന്റെ ഒരു ടൂട്ടോറിയല്‍ വീഡിയോ ഇടാമോ?' തുടങ്ങിയ രസകരമായ കമന്റുകള്‍ കാണാം.