-->
ചൈനയിലെ ഒരു ദ്വീപാണ് ഇപ്പോള്‍ വലിയ പ്രശസ്തി നേടുന്നത്. തയ്വാനുമായി വെറും 68 നോട്ടിക്കല്‍ മൈല്‍ മാത്രം അകലത്തിലുള്ള ചൈനീസ് ഭൂപ്രദേശമായ പിങ്താനാണ് ഇത്. ചൈനയുടെ ഫുജിയാന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ദ്വീപും ചൈനയിലെ അഞ്ചാമത്തെ വലിയ ദ്വീപുമാണ് ഹൈതാന്‍ എന്നും അറിയപ്പെടുന്ന പിങ്താന്‍. തയവാനുമായി ഏറ്റവും അടുത്ത ചൈനീസ് ഭൂമേഖല ആയതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാണ് ചൈനയുടെ നാവിക പ്രകോപനങ്ങള്‍ ഇപ്പോള്‍ അരങ്ങേറുന്നത്.
2009ല്‍ സമഗ്ര പരീക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ട പിങ്താന്‍ എന്നാല്‍ ഇതിനെല്ലാമപ്പുറം പ്രകൃതിയുടെ ഒരു സ്വര്‍ഗ്ഗ ഭൂമികൂടിയാണ്. 400 കിലോമീറ്ററിലധികം നീണ്ട തീരവും വെണ്‍മണല്‍ ബീച്ചുകളുമുള്ള ഈ ദ്വീപിനെ 'ചൈനയുടെ മാലദ്വീപ്', 'കിഴക്കിന്റെ ഹവായ്' എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. തെളിഞ്ഞ നീലക്കടലും കടലിന്റെ പ്രവര്‍ത്തനത്താല്‍ രൂപംകൊണ്ട പ്രകൃതിദത്ത ശിലാരൂപങ്ങളും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. രാത്രിയില്‍ കടലിന് നീലനിറം നല്‍കുന്ന 'നീലക്കണ്ണീര്‍ എന്ന അപൂര്‍വ പ്രതിഭാസവും ഇവിടുണ്ട്. പ്രകാശിക്കുന്ന പ്ലവകങ്ങളാണ് ഇതിനു കാരണം.
ചൈനയിലെ ഏറ്റവും നീളമേറിയതും മനോഹരവുമായ ലോങ്‌ഫെങ്ടു ബീച്ച്, തന്നാന്‍ ഉള്‍ക്കടല്‍, ഹൈതാന്‍ ഉള്‍ക്കടല്‍ എന്നിവയൊക്കെ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. നീന്തലിനും സൂര്യസ്‌നാനത്തിനും ജലകായിക വിനോദങ്ങള്‍ക്കും ഇവിടം പേരുകേട്ടതാണ്. വര്‍ഷം മുഴുവന്‍ വീശുന്ന ശക്തമായ കാറ്റ് പിങ്താനെ കൈറ്റ് സര്‍ഫിങ്ങിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നു.
നിരവധി രാജ്യാന്തര മത്സരങ്ങള്‍ക്കും മേളകള്‍ക്കും ദ്വീപ് വേദിയാകാറുണ്ട്. ബെയ്ഗാങ് ഗ്രാമത്തിലെ ബസാള്‍ട്ട് പാറക്കൂട്ടങ്ങള്‍, 'സിയാന്റെന്‍ വെല്‍' തുടങ്ങിയ ഭൂമിശാസ്ത്രപരമായ വിസ്മയങ്ങള്‍ ദ്വീപിന്റെ പ്രത്യേകതയാണ്. കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ ഗ്രാനൈറ്റ് കല്ലുകളില്‍ പണിത 'കല്‍വീടുകള്‍' മറ്റൊരു വിസ്മയം. തനതായ വാസ്തുവിദ്യാ ശൈലിയിലുള്ള പരമ്പരാഗത കല്‍ഗ്രാമങ്ങള്‍ ഇവിടെയുണ്ട്. കടലിനു കുറുകെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് റെയില്‍ പാലമായ പിങ്താന്‍ സ്‌ട്രെയിറ്റ് ബ്രിഡ്ജ്, ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു.