-->
കൊച്ചി: തുലാവര്‍ഷം രണ്ടുദിവസത്തിനുള്ളില്‍ പടിയിറങ്ങുന്നതിനു പിന്നാലെതന്നെ രാജ്യത്തു ശീതതരംഗം ശക്‌തമാകും. നിലവില്‍ വടക്കേന്ത്യയിലാണ് തണുപ്പേറിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍നിന്ന് തുലാവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വാങ്ങുന്നതോടെ വടക്കേന്ത്യയില്‍ നിലവില്‍ അനുഭവപ്പെടുന്ന തണുപ്പും ശീതക്കാറ്റും ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കും. സബ് ട്രോപ്പിക്കല്‍ ജെറ്റ് സ്‌ട്രീം എന്ന വായു പ്രവാഹം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഇതു സംഭവിക്കുന്നത്.
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ അന്തരീക്ഷ താപനില ഗണ്യമായ താഴുന്നതാണ് ഇതിന്റെ പരിണിതഫലം. ജനുവരി 23-നു ശേഷം വടക്കന്‍ ശീതക്കാറ്റ് തെക്കോട്ട് വ്യാപിക്കുന്നതിനാല്‍ അന്തരീക്ഷ താപനില കുറയുമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. എസ്. അഭിലാഷ് പറഞ്ഞു. നിലവില്‍ അന്തരീക്ഷ താപനില കുറഞ്ഞുനില്‍ക്കുകയാണ്. രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ ശൈത്യകാല ഇനിയായിരിക്കും സംഭവിക്കുക. അന്തരീക്ഷ താപനില കുറയാന്‍ അനുകൂല ഘടകങ്ങള്‍ വേറെയുമുണ്ട്. ധ്രുവ മേഖലകളില്‍ നിന്നും സൈബീരിയന്‍ മേഖലകളില്‍ നിന്നും തണുത്ത കാറ്റ് കടന്നുവരുന്നതും അന്തരീക്ഷ താപനില കുറയാന്‍ കളമൊരുക്കുന്നുണ്ട്.
സാധാരണ ധ്രുവ പ്രദേശങ്ങളില്‍ മാത്രം ചുറ്റിക്കറങ്ങുന്ന തണുത്ത വായുപ്രവാഹമായ പോളാര്‍ വെര്‍ട്ടെക്‌സ്(ധ്രുവച്ചുഴലി), ജെറ്റ് സ്‌ട്രീമിനെയും ശീതക്കാറ്റിനെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് തള്ളിവിടുകയും ചെയ്ുന്നു. അന്തരീക്ഷത്തില്‍ 10 മുതല്‍ 50 കിലോമീറ്റര്‍ വരെയുള്ള ഉയരത്തിലുള്ള സ്‌ട്രാറ്റോസ്‌ഫിയര്‍ പാളിയിലെ വായു അതിവേഗം ചൂടുപിടിക്കുന്നത് പോളാര്‍ വെര്‍െട്ടക്‌സ് ദുര്‍ബലമാക്കുന്നു. തന്മൂലം ഇതില്‍ വിള്ളല്‍ വീണ് തണുത്ത വായുപ്രവാഹം പുറത്തേക്കു പ്രവഹിക്കും. ധ്രുവമേഖലയുടെ മുകളിലുള്ള സ്‌ട്രാറ്റോസ്‌ഫിയര്‍ പാളി ചൂട് പിടിക്കുന്നതിനെ സഡന്‍ സ്‌ട്രാറ്റോസ്‌ഫെറിക് വാമിങ് എന്നാണ് വിളിക്കുന്നത്.
ബൈജു ഭാസി