-->
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ആചാരലംഘനം തെറ്റെങ്കില്‍ ആദ്യം ജയിലില്‍ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേസില്‍ തന്ത്രിയെ രക്ഷിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്ത്രിയെ ജയിലിട്ടപ്പോള്‍ മന്ത്രി വീട്ടിലിരിക്കുന്നുവെന്നും കേസില്‍ ഉള്‍പ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പറഞ്ഞു.
ശങ്കര്‍ ദാസിനെ സംരക്ഷിക്കാനുള്ള ശ്രമം കോടതി പൊളിച്ചെന്നും, മന്ത്രിമാര്‍ നിഷ്‌ക്കളങ്കരാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് തയ്യാറാകുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. സോണിയ ഗാന്ധിയുടെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ഫോട്ടോയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് വിബി ജി റാംജി സമരം നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയുടെ വോട്ടര്‍ ആണോയെന്ന് ചോദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിനാണ് സോണിയയെ കാണാന്‍ പോയതെന്നും ചോദിച്ചു.
ഇതിന്് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നാണമില്ലാത്തവരുടെ പാര്‍ട്ടിയാണെന്നുംപറഞ്ഞു. 2014 ലും 2019 ലും 2024 ലും കോണ്‍ഗ്രസ് പ്രചരിപ്പിച്ച നുണകള്‍ ബി ജെ പി പൊളിച്ചാണ് ബി ജെ പി അധികാരത്തിലേറിയത്. ഇപ്പോള്‍ വിബി ജി റാംജി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുമെന്ന പ്രചാരണവും രാജ്യത്ത് പൊളിയുകയാണ്.
ബി ജെ പിക്കെതിരെ സി പി എമ്മും കോണ്‍ഗ്രസും നുണ പ്രചരിപ്പിക്കുകയാണ്. കേന്ദ്രസഹായം കിട്ടുന്നില്ലെന്ന സി പി എം അജണ്ട പൊളിഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. പണം തൊഴിലാളികളുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തുന്നാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. അതുകൊണ്ട് തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാന്‍ ഇനി ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കായി യു പി എ കാലത്ത് നല്‍കിയത് 2.35 ലക്ഷം കോടി മാത്രമാണ്. മോദി സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് 7.83 ലക്ഷം കോടി നല്‍കി. യു പി എ 100 തൊഴില്‍ദിനം നല്‍കിയപ്പോള്‍ മോദി സര്‍ക്കാര്‍ അത് 125 ദിനങ്ങളാക്കിയെന്നും പറഞ്ഞു.