Saturday, March 14, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

ശങ്കരദാസിനെ ആശുപത്രിയിലെത്തി അറസ്‌റ്റ് ചെയ്‌തു

uploads/news/2026/01/820814/k5.jpg

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കരദാസിനെയും അറസ്‌റ്റ് ചെയ്‌ത് പ്രത്യേകാന്വേഷണസംഘം. ശങ്കരദാസ്‌ ചികിത്സയില്‍ കഴിയുന്ന തലസ്‌ഥാനത്തെ സ്വകാര്യാശുപത്രിയിലെത്തിയാണ്‌ എസ്‌.ഐ.ടി. അറസ്‌റ്റ് രേഖപ്പെടുത്തിയത്‌.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശങ്കരദാസ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി നാളെ പരിഗണിക്കാനിരിക്കേയാണ്‌ അറസ്‌റ്റ്. കേസിലെ 11-ാം പ്രതിയായ ശങ്കരദാസിന്റെ അറസ്‌റ്റ് വൈകുന്നതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിചേര്‍ത്തതുമുതല്‍ ഒരാള്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും എന്ത്‌ അസംബന്ധമാണ്‌ നടക്കുന്നതെന്നുമായിരുന്നു ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്റെ ചോദ്യം. കേസിലെ മറ്റ്‌ പ്രതികളായ എ. പത്മകുമാര്‍, ഗോവര്‍ദ്ധന്‍, ബി. മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി പരാമര്‍ശം.
മുന്‍കൂര്‍ജാമ്യം തേടി ശങ്കരദാസ്‌ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കാനായിരുന്നു നിര്‍ദേശം. ദൈവത്തെപ്പോലും വെറുതേവിടില്ലേയെന്ന സുപ്രീം കോടതി പരാമര്‍ശവും ശങ്കരദാസിനു തിരിച്ചടിയായി. വിജിലന്‍സ്‌ കോടതി ആദ്യതവണ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ, ശങ്കരദാസ്‌ അബോധാവസ്‌ഥയില്‍ തീവ്രപരിചരണവിഭാഗത്തിലാണെന്നു പ്രതിഭാഗം അറിയിക്കുകയും ചിത്രങ്ങള്‍ ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. മുന്‍കൂര്‍ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തതോടെ വിശദമായ വാദം കേള്‍ക്കുന്നത്‌ ഇന്നലത്തേക്കു മാറ്റി. ചികിത്സാരേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിശച്ചങ്കിലും അന്വേഷണസംഘം കൂടുതല്‍ സമയമാവശ്യപ്പെട്ടതിനേത്തുടര്‍ന്ന്‌ നാളത്തേക്കു മാറ്റുകയായിരുന്നു. എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്‌. അതേ ബോര്‍ഡില്‍ അംഗമായിരുന്ന എന്‍. വിജയകുമാര്‍ നേരത്തേ അറസ്‌റ്റിലായിരുന്നു.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW