-->
ശബരിമല: ഇരുമുടിക്കെട്ടുമായി മല കയറിയെത്തിയ അയ്യപ്പഭക്‌തരുടെ ശരണംവിളികള്‍ പൂമഴയായി പൂങ്കാവനത്തില്‍ പെയ്‌തിറങ്ങി. എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. ശരണമന്ത്രങ്ങളുടെ അലകളില്‍ ഭക്‌തി പരകോടിയിലെത്തുമ്പോള്‍ പുണ്യപ്രകാശമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ഒന്നല്ല മൂന്നുതവണ മകരജ്യോതി മിന്നിമറഞ്ഞു. കര്‍പ്പൂരനാളങ്ങളുടെ ശോഭയ്‌ക്കൊപ്പം ശരണംവിളികളുടെ തിരമാലകളുയര്‍ന്നപ്പോള്‍ മലമടക്കുകളില്‍ വെടിക്കെട്ടിന്റെ പ്രഭാപൂരം. എല്ലാറ്റിനും സാക്ഷിയായി ആകാശനീലിമയില്‍ മകരനക്ഷത്രം മിഴിതുറന്നു. ദേവസാന്നിധ്യമറിയിച്ച് കൃഷ്‌ണപ്പരുന്തും.
ശരണമന്ത്രങ്ങളാല്‍ മുഖരിതമായ സംക്രമസന്ധ്യയില്‍ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് വൈകിട്ട് ദീപാരാധന നടന്നു. തുടര്‍ന്ന് 6.41 നാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിഞ്ഞത്. പിന്നെ ഓരോ മിനിറ്റിന്റെ ഇടവേളകളില്‍ രണ്ടുതവണ കൂടി മിന്നിമറഞ്ഞു. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ണും മനസും നിറയെ കണ്ട് മകരസംക്രമ പൂജയുടെ പുണ്യം ഏറ്റുവാങ്ങിയാണ് ഭക്‌തലക്ഷങ്ങള്‍ മലയിറങ്ങി.
മകരവിളക്ക് ദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിനു നട തുറന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് നടയടച്ചെങ്കിലും 2.45 ന് തുറന്ന് മൂന്നുമണിയോടെ മകരസംക്രമ പൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു കടന്ന 3.08 നായിരുന്നു മകരസംക്രമ അഭിഷേകം. തുടര്‍ന്ന് നടയടച്ചിരുന്നില്ല. വൈകിട്ട് അഞ്ചിന് തന്ത്രി കണ്‌ഠര് മഹേഷ് മോഹനര് പൂജിച്ച മാലകള്‍ നല്‍കി തിരുവാഭരണം സ്വീകരിക്കാന്‍ ദേവസ്വം അധിക്യതര്‍ക്ക് അനുഞ്‌ജ നല്‍കി.
പന്തളം വലിയകോയിക്കല്‍ ശാസ്‌താക്ഷേത്രത്തില്‍നിന്ന് ശരണഘോഷങ്ങളോടെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരംകുത്തിയിലെത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാര്‍, കെ. രാജു, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്‌ണന്‍, ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. തത്വമസിയുടെ പൂമുഖം കടന്നെത്തിയ തിരുവാഭരണ പേടകത്തെ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി നടയടച്ചു.തുടര്‍ന്ന് തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാര്‍ത്തി ശ്രീകോവില്‍ നട തുറന്നു. മണിനാദവും ശരണഘോഷങ്ങളും മുഴങ്ങവേ പൊന്നണിഞ്ഞ കോവിലില്‍ അയ്യപ്പ സ്വാമിക്ക് ദീപാരാധന നടന്നു.
സനില്‍ അടൂര്‍