-->
തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്തില്‍ ആധ്യപത്യം തുടര്‍ന്ന് പൈങ്കുളം ശൈലിയില്‍ നാരായണ ചാക്യാരും ശിഷ്യരും. വേദി ഏഴ് മന്ദാരത്തില്‍ ഇന്നലെ എച്ച്.എസ്. വിഭാഗം ചാക്യാര്‍കൂത്ത് മത്സര വേദിയില്‍, 14 പേര്‍ മാറ്റുരച്ചതില്‍ എട്ട് പേരും നാരായണ ചാക്യാരുടെ ശിക്ഷ്യണത്തിലെത്തിയവര്‍. എല്ലാവര്‍ക്കും 'എ' ഗ്രേഡും ലഭിച്ചതോടെ ശിഷ്യര്‍ക്കും ആശാനും ഇരട്ടിമധുരം. എച്ച്.എസ്.എസ്. വിഭാഗം കൂത്തിലും കൂടിയാട്ടത്തിലുമായി 180 മത്സരാര്‍ഥികളെയാണ് ഇദ്ദേഹം പരിശീലിപ്പിച്ച് സംസ്‌ഥാന സ്‌കൂള്‍ കലോത്സവ അരങ്ങിലെത്തിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണിവര്‍.
പൈങ്കുളം രാമചാക്യാര്‍ സ്‌മാരക കലാപീഠത്തിലെ കലാകാരന്‍ ഡോ. സഞ്‌ജുപാലശേരിയും ഇദ്ദേഹത്തിന്റെ ഭാര്യയും നങ്ങ്യാര്‍ കൂത്ത് കലാകാരിയുമായ ഡോ. ഹീരയുമാണ് മെയ്‌ക്കപ്പിനടക്കം സഹായികളായി ഒപ്പമുളളത്. 1989 മുതല്‍ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സഞ്‌ജുപാലശേരി തുടര്‍ച്ചയായി മൂന്ന് തവണ ഒന്നാമതായിരുന്നു. ഇവരുടെ മകന്‍ ഗൗരാംഗ് കൃഷ്‌ണനും ഇത്തവണ കൂത്തില്‍ മാറ്റുരച്ചു. ശിഷ്യരുടേത് മത്സര മൂഡല്ല; ഉത്സവ മൂഡാണെന്ന് നാരായണചാക്യാര്‍ പറയുന്നു.