-->
മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും പാലാ എം.എല്‍.എയുമായ മാണി സി. കാപ്പനും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. വേങ്ങര കാരാത്തോടിലെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ഇന്നലെ രാവിലെ ഒമ്പതോടെ നടന്ന കൂടിക്കാഴ്‌ചയില്‍ സഭാപ്രതിനിധികളും പങ്കെടുത്തതായി വിവരമുണ്ട്.
കേരളാ കോണ്‍ഗ്രസ്(എം) യു.ഡി.എഫിലേക്ക് വരുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു മാണി സി. കാപ്പന്റെ സന്ദര്‍ശനം. പാലാ സീറ്റ് ആര്‍ക്കു വേണ്ടിയും വിട്ടുകൊടുക്കില്ലെന്ന നിലപാട് മാണി സി. കാപ്പന്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.
പാലായ്‌ക്ക് പകരം മുസ്ലിം ലീഗിന്റെ തിരുവമ്പാടി മാണി സി. കാപ്പന് കൈമാറാമെന്ന ഫോര്‍മുലയില്‍ മാണി സി. കാപ്പന്‍ വഴങ്ങിയില്ല. മാണി സി. കാപ്പനുമായി അജന്‍ഡ വച്ച് ഒന്നും ചര്‍ച്ചയായിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം വീട്ടില്‍ വന്നിരുന്നു. ഇതുവഴി പോകുമ്പോള്‍ വരാറുണ്ട്. അതുപോലെയാണ് ഇപ്പോഴും വന്നത്. നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ സ്വാഭാവികമായും രാഷ്‌ട്രീയം ചര്‍ച്ചയാവും. മറ്റു കാര്യങ്ങളെല്ലാം അഭ്യൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.