-->
കുറവിലങ്ങാട് (കോട്ടയം): ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ പരാതിക്കാരി സിസ്‌റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട്ടെ മഠത്തില്‍ താമസിക്കുന്ന മൂന്ന് കന്യാസ്‌ത്രീകള്‍ക്കു സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചു. റേഷന്‍ കാര്‍ഡ് പോലുമില്ലാത്ത ദുരിതജീവിതം അടുത്തിടെ ഒരു അഭിമുഖത്തില്‍ സിസ്‌റ്റര്‍ റാണിറ്റ് തുറന്നുപറഞ്ഞിരുന്നു.
മന്ത്രി ജി.ആര്‍. അനിലിന്റെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സജനി, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. സിന്ധുമോള്‍, റേഷനിങ് ഇന്‍സ്‌പെക്‌ടര്‍ സാം മൈക്കിള്‍ എന്നിവരാണ് മഠത്തിലെത്തി റേഷന്‍ കാര്‍ഡുകള്‍ കൈമാറിയത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈക്കോടതിയിലെ അപ്പീലില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് പ്രതീക്ഷയെന്നും സിസ്‌റ്റര്‍ റാണിറ്റ് പറഞ്ഞു.