-->
കോഴിക്കോട്: കേരളാ സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് അസോസിയേഷനും മെട്രോമാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്‌ട്രിയല്‍ എക്‌സ്പോയും വ്യവസായി മഹാസംഗമവും ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കേരള വ്യവസായ വകുപ്പിന്റേയും കേന്ദ്ര എം.എസ്.എം.ഇ.മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
വ്യവസായി മഹാസംഗമം 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് മുഖ്യപ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. 16ന് എക്‌സ്പോയുടെ ഉദ്‌ഘാടനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിവഹിക്കും. റവന്യു മന്ത്രി കെ. രാജന്‍ മുഖ്യാതിഥിയാകും.
18ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, തദ്ദേശ ഭരണ മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവരും പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ര്‌ട വ്യവസായ എക്‌സ്പോയുടെ ഭാഗമായി ഇ.വി. ആന്‍ഡ് ഗ്രീന്‍ എനര്‍ജി ഇന്ത്യ എക്‌സ്പോയും അരങ്ങേറും.
14 ജില്ലകളില്‍ നിന്നായി കെ.എസ്.എസ്.ഐ.എ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്. അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ-അനുബന്ധ വ്യവസായികളും വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും. മേഖലയിലെ ആധുനിക ഓട്ടോമാറ്റിക് മിഷനറികള്‍, എന്‍ജിനീയറിങ്, ഫുഡ്, കെമിക്കല്‍, പ്ലാസ്‌റ്റിക്, ഓയില്‍, ഗ്യാസ്, റബര്‍, കശുവണ്ടി, കാര്‍ഷിക അധിഷ്‌ഠിത ഉപകരണങ്ങള്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും, ചൈന, യു.കെ., യു.എ.ഇ, ജര്‍മനി, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അറുന്നൂറോളം പ്രമുഖ മെഷിനറി നിര്‍മാതാക്കള്‍, അവരുടെ ഉത്‌പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും, മേളയില്‍ പ്രദര്‍ശിപ്പിക്കും.
കേരളത്തിലെ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പവലിയന്‍, മേളയുടെ പ്രധാന ആകര്‍ഷണമാണ്. കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന്റെ പ്രത്യേക പവലിയനും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് അസോസിയേഷന്‍ ഭാരവാഹികളായ കളത്തിങ്ങല്‍ ഇസ്‌ഹാഖ്, പി.അരുണ്‍കുമാര്‍, കെ.നന്ദകുമാര്‍, പി.എം.എ.ഗഫൂര്‍, ടി.ശ്വേത എന്നിവര്‍ പങ്കെടുത്തു.