-->
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാമതു സമ്മേളനം 20 ന് ആരംഭിക്കുമെന്ന് നിയമസഭാ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2026-27 സാമ്പത്തികവര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും.
20 മുതല്‍ മാര്‍ച്ച് 26 വരെ ആകെ 32 ദിവസം സഭ ചേരാനാണ് സമ്മേളന കലണ്ടര്‍ പ്രകാരം നിശ്‌ചയിച്ചിട്ടുള്ളത്. 22, 27, 28 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. 29 നാണ് ബജറ്റ് അവതരണം.
ഫെബ്രുവരി 2, 3, 4 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും.
5 ന് 2025-26 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകള്‍ എന്നിവ പരിഗണിക്കും. 6 മുതല്‍ മാര്‍ച്ച് 22 വരെ സഭ ചേരില്ല.
ഈ കാലയളവില്‍ വിവിധ സബ്‌ജക്‌ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്‌മ പരിശോധന നടത്തും. 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള 13 ദിവസം 2026-27 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ചചെയ്‌ത് പാസാക്കും. 2025-26 വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെയും 2026-27 വര്‍ഷത്തെ ബജറ്റിനെയും സംബന്ധിച്ച രണ്ടു ധനവിനിയോഗ ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ടെന്നും സ്‌പീക്കര്‍ പറഞ്ഞു.
23, ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 26 ന് സഭപിരിയുമെന്നും സ്‌പീക്കര്‍ അറിയിച്ചു.