-->
പെരുമ്പാവൂര്‍: കള്ളംപറഞ്ഞ് പ്രതികളില്‍നിന്നു പണം കൈപ്പറ്റിയ കേസില്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. കോടതിയില്‍ അടയ്‌ക്കാനെന്ന വ്യാജേന ലഹരിക്കേസ് പ്രതികളില്‍നിന്നും പണം വാങ്ങിയ പെരുമ്പാവൂര്‍ റേഞ്ച് ഓഫീസ് ഇന്‍സ്‌പെക്‌ടര്‍ കെ. വിനോദ്, പ്രിവന്റീവ് ഓഫീസര്‍ ജസ്‌റ്റിന്‍ ചര്‍ച്ചില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി. ഷിവിന്‍ എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍.
വിജിലന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത്‌കുമാറാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്‌തത്. കൃത്യവിലോപം, അച്ചടക്കലംഘനം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്‌ച എന്നിവയുടെ അടിസ്‌ഥാനത്തിലാണു നടപടി. റിജുവാന്‍ ഹക് മിര്‍ദ എന്ന അതിഥിത്തൊഴിലാളിയുടെ പേരിലുള്ള കഞ്ചാവ് കേസിന്റെ അന്വേഷണത്തിനിടയില്‍ ഇയാളുടെ തൊഴിലുടമ വിജിലന്‍സിനു നല്‍കിയ പരാതിയാണ് ഉദ്യോഗസ്‌ഥരെ കുടുക്കിയത്. പ്രതി ജോലിചെയ്യുന്ന കമ്പനിയിലെത്തി വിചാരണയ്‌ക്കു മുന്‍പ് പിഴയടക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. 10,000 രൂപയാണ് ആവശ്യപ്പെട്ടത്.
പരാതിക്കാരായ കമ്പനി ഉടമകളുടെ വീട്ടില്‍ ഉദ്യോഗസ്‌ഥര്‍ പോയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്‌തമായി. എക്‌സൈസ് റേഞ്ച് ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പത്തോളം കേസുകളില്‍ അലി എന്നയാളാണു ജാമ്യം നിന്നതെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തി. 5,000 രൂപ മുതല്‍ 8000 രൂപ വരെ പ്രതികളില്‍നിന്നു വാങ്ങി, 500 മുതല്‍ 1000 രൂപ വരെ കമ്മിഷന്‍ എടുത്തശേഷം ബാക്കി തുക എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ. വിനോദിനെ ഏല്‍പ്പിച്ചിരുന്നതായി അലി ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ചെറിയ അളവില്‍ ലഹരി വസ്‌തുക്കള്‍ പിടികൂടുമ്പോള്‍ ഇന്‍സ്‌പെക്‌ടര്‍ കെ.വിനോദ് കോടതികളില്‍ പിഴയടക്കാനെന്നു പറഞ്ഞ് 5000 മുതല്‍ 10,000 രൂപ വരെ വാങ്ങും. ഇതില്‍നിന്ന് നിയമാനുസൃതമായ ചെറിയ തുക അടച്ച ശേഷം ബാക്കി തുക എടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതികളില്‍നിന്ന് 6.60 ലക്ഷം രൂപ വാങ്ങിയ കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ നാല് ഉദ്യോഗസ്‌ഥരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.