-->
വിദ്യാർത്ഥികൾ പഠനത്തിനായി സ്വകാര്യ കോച്ചിംഗ് സെന്ററുകളെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യത്തെ സീനിയർ സെക്കൻഡറി വിദ്യാഭ്യാസ സമ്പദ്രായത്തിൽ സമൂല അഴിച്ചുപണി നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ സമിതി. വിദ്യർത്ഥികൾ നേരിടുന്ന അക്കാദമിക് സമ്മർദ്ദം ലഘൂകരിക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ ക്ഷേമത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശുപാർശകളാണ് സർക്കാർ നിയോഗിച്ച വിദ്യാഭ്യാസ സമിതി മുന്നോട്ടുവച്ചിട്ടുള്ളത്.
കോച്ചിംഗ് ക്ലാസുകളുടെ സമയം ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചുള്ളതാണ് പ്രധാന ശുപാർശ. ജെഇഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾ വിജയിക്കാൻ വിദ്യാർത്ഥികൾ കൂടുതലായി കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നതായും ഇതിനായുള്ള തീവ്ര പരിശീലനം വിദ്യാർത്ഥികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ക്ഷീണം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിച്ചു.
ക്ലാസ് മുറിയിലെ പഠനത്തിനും പ്രവേശന പരീക്ഷകൾക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കും ഇടയിലുള്ള വർദ്ധിച്ചുവരുന്ന വിടവ് പരിഹരിക്കുന്നതിന് സ്‌കൂൾ പാഠ്യപദ്ധതി പുനർരൂപകല്പന ചെയ്യണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കൂൾ സംവിധാനത്തിനുള്ളിൽ തന്നെ വിദ്യാർത്ഥികളെ പ്രവേശന പരീക്ഷയ്ക്കായി തയ്യാറാക്കണം, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, സമയബന്ധിതമായ വിലയിരുത്തലുകൾ, ദേശീയ മത്സര പരീക്ഷകളോട് സാമ്യത പുലർത്തുന്ന പരീക്ഷ ഫോർമാറ്റുകൾ എന്നിവ പാഠ്യപദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.