-->
ശബരിമല: പമ്പവിളക്ക് പ്രഭ ചൊരിഞ്ഞു. ഇനി മകരജ്യോതി ദര്‍ശനത്തിനായുള്ള കാത്തിരിപ്പ്. ഇന്ന് ത്രിസന്ധ്യയ്‌ക്ക് തിരുവാഭരണ വിഭൂഷിതനായ ശ്രീഭൂതനാഥന് ആരതി ഉഴിയവെ മാനത്ത് മകര നക്ഷത്രം തെളിയും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും. മകരവിളക്കിന്റെ പുണ്യപ്രകാശം തേടി ഭക്‌തര്‍ സന്നിധാനത്തേക്ക് ഒഴുകുകയാണ്. എരുമേലി പേട്ട കഴിഞ്ഞതോടെ ഭക്‌തരുടെ ഒഴുക്ക് തുടരുകയാണ്. മകരവിളക്ക് ദര്‍ശനം സുരക്ഷിതമാക്കാനുള്ള അവസാന ക്രമീകരണവും നടക്കുന്നതിനിടെ സന്നിധാനവും പരിസരവും ഭക്‌തരെക്കൊണ്ട് നിറഞ്ഞു. മകര ജ്യോതി കാണാന്‍ കഴിയുന്ന സ്‌ഥലങ്ങളിലെല്ലാം തീര്‍ഥാടകര്‍ തമ്പടിച്ചു കഴിഞ്ഞു. പാണ്ടിത്താവളത്തും പമ്പയിലുമാണ് കൂടുതല്‍ പേര്‍ തങ്ങുന്നത്. സന്നിധാനത്ത് കൊപ്രാക്കളത്തില്‍ തുറസായ സ്‌ഥലത്ത് നൂറുകണക്കിന് ഭക്‌തരാണ് പര്‍ണശാല ഒരുക്കി കാത്തിരിക്കുന്നത്. മകരജ്യോതി ബില്‍ഡിങ്ങിനു സമീപവും തീര്‍ഥാടകര്‍ തങ്ങുന്നുണ്ട്. ശബരീശ ദര്‍ശനം കഴിഞ്ഞവര്‍ മടക്കയാത്രയുടെ സൗകര്യം കൂടി കണക്കിലെടുത്ത് പമ്പ, നിലയ് ക്കല്‍, അട്ടത്തോട് ഭാഗങ്ങളില്‍ ജ്യോതി ദര്‍ശനത്തിനായി തങ്ങും. ശരീരത്ത് ചായം പൂശി താലത്തില്‍ കര്‍പ്പൂരം കത്തിച്ച് നീങ്ങുന്ന ഭക്‌തജന സഞ്ചയത്തെയാണ് സന്നിധാനത്ത് കാണാനാകുക. സന്നിധാനത്തും പരിസരത്തും മാത്രമല്ല പൊന്നമ്പലമേട് കാണാനാകുന്ന സ്‌ഥലങ്ങളിലെല്ലാം ഭക്‌തര്‍ തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്.
പുല്ലുമേട് കഴിഞ്ഞാല്‍ ജ്യോതിദര്‍ശനത്തിന് ഏറ്റവും കൂടുതല്‍പേര്‍ തെരഞ്ഞെടുക്കുന്നത് പാണ്ടിത്താവളമാണ്. 10-ാം തീയതി മുതല്‍ ഇവിടേക്ക് ഭക്‌തരുടെ ഒഴുക്കാണ്. മരാമത്ത് ഓഫീസിന് മുന്നിലെ പടിക്കെട്ട് കയറിയാണ് ഭക്‌തര്‍ പാണ്ടിത്താവളം ഭാഗത്തേക്ക് പോകുന്നത്. അതിനാല്‍ ഈ പാതയില്‍ എപ്പോഴും തിരക്കാണ്. സ്‌ഥലം ഉള്ളിടങ്ങളിലെല്ലാം പര്‍ണശാലകള്‍ ഒരുക്കി കാത്തിരിക്കുയാണ് ഭക്‌തര്‍. പാണ്ടിത്താവളത്ത് മാത്രമായി ഏകദേശം മുപ്പതിനായിരത്തോളം പേര്‍ തമ്പടിച്ചതായാണ് സൂചന. സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ അറുപതിനായിരത്തിലധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. എരുമേലിയില്‍ നിന്നും പരമ്പരാഗത പാതവഴി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മാളികപ്പുറം, താഴെ തിരുമുറ്റം, വാവര്‍നട, പാണ്ടിത്താവളം എന്നിവിടങ്ങളെല്ലാം ഭക്‌തരെ കൊണ്ടു നിറഞ്ഞു. വലിയ നടപ്പന്തലും വൈകിട്ടോടെ ഭക്‌തരാല്‍ നിറഞ്ഞു.
സനില്‍ അടൂര്‍