Saturday, March 14, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.34 PM

ഐഷാ പോറ്റി കോണ്‍ഗ്രസില്‍

uploads/news/2026/01/820608/k1.jpg

തിരുവനന്തപുരം: സി.പി.എം. വനിതാ നേതാവും കൊട്ടരക്കര മുന്‍ എം.എല്‍.എയുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌ഭവനിലെ കെ.പി.സി.സിയുടെ രാപ്പകല്‍ സമരവേദിയിലേക്കെത്തിയ ഐഷാ പോറ്റിക്ക്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ കോണ്‍ഗ്രസ്‌ അംഗത്വം നല്‍കി.
സി.പി.എം. കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ്‌ മൂന്നു പതിറ്റാണ്ടു നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാകുമെന്നാണു സൂചന. കൊട്ടാരക്കര മുന്‍ എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ചുകൊണ്ടുള്ള വി.ഡി.സതീശന്റെ 'ജയന്റ്‌ കില്ലര്‍' വിസ്‌മയം യു.ഡി.എഫിന്‌ ആവേശമായി. നിലവില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതിനിധീകരിക്കുന്ന കൊട്ടാരക്കര ഐഷാ പോറ്റിയിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കേരളാ കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയെ 2006ല്‍ പരാജയപ്പെടുത്തിക്കൊണ്ടാണ്‌ ഐഷാ പോറ്റി ശ്രദ്ധ നേടുന്നത്‌. പിന്നീട്‌
തുടര്‍ച്ചയായി രണ്ടു തവണ കൂടി കൊട്ടാരക്കര മണ്‌ഡലത്തെ പ്രതിനിധീകരിച്ചു. എന്നാല്‍, കഴിഞ്ഞ കുറച്ചു കാലമായി സി.പി.എം ജില്ലാ,സംസ്‌ഥാന നേതൃത്വങ്ങളുമായി അകല്‍ച്ചയിലായിരുന്നു. വി.എസ്‌. അച്യുതാനന്ദനോട്‌ പുലര്‍ത്തിയിരുന്ന ആഭിമുഖ്യമാണ്‌ ഐഷാ പോറ്റിയെ ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്‌. 2021ല്‍ സീറ്റ്‌ നിഷേധിക്കപ്പെട്ടു.
പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയാണ്‌ സി.പി.എം. വിടാന്‍ കാരണമെന്നും തന്റെ പ്രസ്‌ഥാനം തന്നെ ഒരുപാട്‌ വിഷമിപ്പിച്ചെന്നും ഐഷ പോറ്റി പറഞ്ഞു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ പറഞ്ഞു. വലതുപക്ഷത്തേക്ക്‌ പോകുന്നതോടെ ഐഷാ പോറ്റിയുടെ രാഷ്‌ട്രീയ ജീവിതം അവസാനിക്കുമെന്നു സി.പി.എം. നേതാവ്‌ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. രാഷ്‌ട്രീയ നിലപാടില്ലാത്തവര്‍ എങ്ങോട്ട്‌ വേണമെങ്കിലും ഒഴുകിപ്പോകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ശൈലിയാണു സി.പി.എമ്മിന്റേതെന്ന്‌ ഐഷാ പോറ്റിയെ അനുകൂലിക്കുന്നവര്‍ മറുപടി നല്‍കുന്നു.

Ads by Google
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW